നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും പ്രത്യേകമായി ഇലക്ട്രിക് വാഹനനയവും ഒരുക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാനും ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനെക്കാള്‍ മികച്ച ആനുകൂല്യമാണ് രാജസ്ഥാന്‍ ഉറപ്പാക്കുന്നത്. വാഹനത്തിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ച് വിലയില്‍ സബ്‌സിഡി നല്‍കുന്നതിനൊപ്പം ഉപയോക്താവില്‍ നിന്ന് ഈടാക്കുന്ന ജി.എസ്.ടിയിലെ സംസ്ഥാനങ്ങളുടെ വിഹിതം വാഹന ഉടമയ്ക്ക് തന്നെ മടക്കി നല്‍കുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതിനുപുറമെയാണ് സബ്‌സിഡി.

2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ജി.എസ്.ടി. വിഹിതം മടക്കി നല്‍കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബില്ലില്‍ കാണിച്ചിരിക്കുന്ന ജി.എസ്.ടി. തുക ഉപയോക്താവ് ഷോറൂമില്‍ അടയ്ക്കണം. എന്നാല്‍, ഇത് പിന്നീട് ഓരോ ജില്ലകളിലെയും ഗതാഗത വകുപ്പ് വാഹന ഉടമകളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 

ഇതിനുപുറമെ, 2kWh വരെ ബാറ്ററി കപ്പിസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 5000 രൂപയും, 2-4.kWh വരെ ബാറ്ററി കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 7000 രൂപയും 4-5kWh വരെ ബാറ്ററി കാപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 9000 രൂപയും 5kWh-ന് മുകളില്‍ ബാറ്ററി ശേഷിയുള്ള വാഹനങ്ങള്‍ക്ക് 10000 രൂപ വരെയും സബ്‌സിഡിയും നല്‍കുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 

ഇലക്ട്രിക് റിക്ഷകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും രാജസ്ഥാന്‍ സര്‍ക്കാര്‍ സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെയുള്ള സബ്‌സിഡിയാണ് ഇത്തരം വാഹനങ്ങള്‍ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ഫെയിം 2 പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹന നയത്തിലൂടെ ആനുകൂല്യങ്ങള്‍ ഒരുക്കുന്നത്.

Content Highlights: Rajasthan Announce Electric Vehicle Policy; Subsidies Up To 20000