മെഴ്‌സിഡസ് ബെൻസ് ജി.എൽ.ഇ, കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mercedes Benz/ Mathrubhumi
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനം മാറ്റാന്‍ നിര്‍ദ്ദേശവുമായി രാജ്ഭവന്‍. നിലവില്‍ ഗവര്‍ണറുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് കറുത്ത നിറത്തിലുള്ള ബെന്‍സിന്റെ ഇ ക്ലാസ് ഡീസല്‍ കാറാണ്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം.
നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്ററിലധികം ഓടിയിട്ടുണ്ട്. മാത്രമല്ല 11 വര്‍ഷത്തിലധികമായി ഗവര്‍ണര്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനവും ഇതാണ്. ഇക്കാരണങ്ങളാലാണ് വാഹനം മാറ്റാന്‍ തീരുമാനിക്കുന്നത്. വിവിഐപി പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി വാഹനം മാറ്റാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിലേക്ക് നല്‍കിയിട്ട് രണ്ട് മാസത്തോളമായി.
ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ബെന്‍സിന്റെ ജി.എല്‍.ഇ എസ്.യു.വി കാറാണ് വാങ്ങാനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്ഭവന്റെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ് ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
മെഴ്‌സിഡസിന്റെ എസ്.യു.വികളില്‍ മികച്ച മോഡലാണ് ജി.എല്‍.ഇ. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതിലുള്ളത്. ഇത് 241 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകും. 7.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ വാഹനത്തിനാകും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും മറ്റൊരു പതിപ്പ് വരുന്നുണ്ട്. 325 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിന്‍ 5.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
പുതിയ വാഹനമായി ആവശ്യപ്പെട്ടിരിക്കുന്ന സെഡാന്‍ ആണെങ്കിലും ബെന്‍സിന്റെ ഏറ്റവും മികച്ച സെഡാന്‍ ഇ-ക്ലാസ് ആണ് നിലവിലെ ഔദ്യോഗിക വാഹനം. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ പ്രീമിയം സെഡാനിന്റെ ഹൃദയം. 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പഴയ വാഹനത്തിന് അന്ന് 45 ലക്ഷം രൂപയിലാണ് വില ആരംഭിച്ചിരുന്നതെങ്കില്‍ ജി.എല്‍.ഇക്ക് 85 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.
Content Highlights: Raj Bhavan Demands new Benz For Kerala Governor, Mercedes Benz GLE SUV, Arif Mohammad Khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..