ക്വാഡി സൈക്കിളുകള്‍ ഇനി മുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കേന്ദ്ര ഗതാഗത വകുപ്പാണ് ക്വാഡ്രി സൈക്കിളുകള്‍ സ്വകാര്യ വാഹനങ്ങള്‍ അല്ലെങ്കില്‍ പാസഞ്ചര്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ക്വാഡ്രി സൈക്കിളുകള്‍ ടാക്‌സി വാഹനമായി രജിസ്റ്റര്‍ ചെയ്യാനാണ് മുമ്പ് അനുമതി നല്‍കിയിരുന്നത്. 

ക്വാഡ്രി സൈക്കിളുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ബജാജിന്റെ ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. ഓട്ടോയിക്കും കാറിനും ഇടയില്‍ വരുന്ന വാഹനമാണ് ക്വാഡി സൈക്കിളുകള്‍ എന്നറിയപ്പെടുന്നത്. 

ഈ വര്‍ഷമാണ് ക്വാഡ്രി സൈക്കിളുകളെ വാഹനമായി സര്‍ക്കാര്‍ അംഗീകരിച്ചത്. തുടര്‍ന്നാണ് ബജാജിന്റെ ക്യൂട്ട് നിരത്തിലെത്തുന്നത്. കാറുകള്‍ പോലെ നാല് ടയറും ഹാര്‍ഡ് ടോപ്പിലുമാണ് ഈ വാഹനം എത്തുന്നത്. 

Bajaj Qute

എന്നാല്‍, കരുത്ത് കുറഞ്ഞ എന്‍ജിനാണ് ക്യൂട്ടില്‍ ഒരുക്കിയിട്ടുള്ളത്. ക്വാഡ്രി സൈക്കിള്‍ ശ്രേണിയിലെത്തുന്ന വാഹനങ്ങളില്‍ 800 സിസിയില്‍ താഴെ കരുത്തുള്ള എന്‍ജിന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശമുണ്ട്. 

അതേസമയം, ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും പാലിക്കണമെന്ന് ക്വാഡ്രി സൈക്കിള്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

bajaj auto qute

കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മൈലേജും കുറഞ്ഞ മലിനീകരണവുമാണ് ക്യൂട്ട് ഉറപ്പ് നല്‍കുന്നത്. ലിറ്ററിന് 30 കിലോമീറ്ററില്‍ കൂടുതലായിരിക്കും ഇന്ധനക്ഷമത. പരമാവധി സ്പീഡ് മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും. നിലവില്‍ ക്വാഡ്രി സൈക്കിളായി എത്തുന്ന ബജാജ് ക്യൂട്ടിന് മൂന്ന് ലക്ഷം രൂപയില്‍ താഴെയാണ് വില.