ഓട്ടോറിക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഓട്ടോറിക്ഷകളില്‍ 'ക്യൂ ആര്‍' കോഡ് പതിക്കുന്നു. കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന് എറണാകുളം ആര്‍.ടി.ഒ. കെ. മനോജ്കുമാര്‍ പറഞ്ഞു.
ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന്‍ നമ്പര്‍, ഏത് സ്റ്റാന്‍ഡിലെ ഓട്ടോ, വാഹന ഉടമയുടെ പൂര്‍ണമായ മേല്‍വിലാസവും ഫോണ്‍നമ്പറും, ഡ്രൈവറുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍, രക്തഗ്രൂപ്പ് എന്നീ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ 'ക്യു ആര്‍ കോഡ്' സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെയും യോഗം വിളിക്കുമെന്നും ആര്‍.ടി.ഒ. വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ പെര്‍മിറ്റില്ലാതെ അനധികൃതമായി നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ യാത്രക്കാരില്‍ നിന്ന് അമിത കൂലി വാങ്ങുന്ന ഓട്ടോറിക്ഷക്കാര്‍ക്കെതിരേ നടപടിയെടുക്കാനും സാധിക്കുന്നില്ല.
പെര്‍മിറ്റില്ലാതെ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് അമിതകൂലി വാങ്ങുന്നതെന്നാണ് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്. ഇത്തരം അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് 'ക്യൂ ആര്‍' കോഡ് പദ്ധതിയിലൂടെ പിടിവീഴും. കൂടാതെ, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നെന്ന പരാതിയും കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പെര്‍മിറ്റ് ഉള്ളതും ഇല്ലാത്തതുമായ 7,500 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
നിലവില്‍ 4,000 ഓട്ടോകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് കൊടുത്തിട്ടുള്ളത്. നിയമവിരുദ്ധമായി ഓടുന്ന ഇത്തരക്കാരെ ഉദ്യോഗസ്ഥര്‍ പലപ്പോഴും പിടികൂടുന്നുണ്ടെങ്കിലും കള്ളയോട്ടം പൂര്‍ണമായി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
Content Highlights: QR Code In Auto Rikshaw