പ്രതീകാത്മക ചിത്രം | Photo: Getty Image
ലോകകപ്പ് ഫുട്ട്‌ബോള്‍ മത്സരത്തില്‍ ആരാധകരെ എത്തിക്കുന്നതിനും മറ്റുമായി മൂവായിരത്തോളം ഇലക്ട്രിക് ബസുകള്‍ എത്തിച്ചത് വലിയ വിപ്ലവമായിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 1.4 ലക്ഷം മണിക്കൂറ് കൊണ്ട് 18 ലക്ഷം കിലോമീറ്ററുകളാണ് ഈ ഇലക്ട്രിക് ബസുകള്‍ വേള്‍ഡ് കപ്പ് ആവശ്യങ്ങള്‍ക്കായി ഓടിയത്. ഇതുവഴി 16.5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്താക്കാന്‍ സാധിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, വേള്‍ഡ് കപ്പ് മത്സരങ്ങളുടെ കൊടിയിറങ്ങിയതോടെ ഈ ബസുകളുടെ ഭാവി എന്തായിരിക്കുമെന്നായിരുന്നു നമ്മുടെ നാട്ടിലെ ഉള്‍പ്പെടെയുള്ള വാഹനപ്രേമികളുടെ സംശയം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഇലക്ട്രിക് ബസുകള്‍ എല്ലാം ഖത്തര്‍ ലെബനന് കൈമാറുമെന്നാണ് വിവരം. അതും പൂര്‍ണ സൗജന്യമായായിരിക്കും ഈ ബസുകള്‍ നല്‍കുകയെന്നാണ് സൂചന. പൊതുഗതാഗത മേഖലയില്‍ ലെബനന്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് ഖത്തറിന്റെ തീരുമാനം.
ലെബനന്‍ നേരിടുന്ന ഗതാഗത പ്രതിസന്ധികളെ കുറിച്ച് ആ രാജ്യത്തെ പ്രധാനമന്ത്രി നജീബ് മിഖാത്തി ഖത്തറിലെ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് വേള്‍ഡ് കപ്പ് ഫുട്ട്‌ബോളിനായി വാങ്ങിയ ഇലക്ട്രിക് ബസുകള്‍ ലെബനന് കൈമാറാന്‍ ഖത്തര്‍ തീരുമാനിച്ചത് എന്നാണ് ലെബനനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബസുകള്‍ക്ക് പുറമെ, സ്റ്റേഡിയത്തിലെ സീറ്റുകളും മറ്റും ഖത്തര്‍ പല സ്‌പോര്‍ട്‌സ് സിറ്റികള്‍ക്കായി സമ്മാനമായി നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.
വേള്‍ഡ് കപ്പ് മത്സരത്തിന് മുന്നോടിയായി ഖത്തറിലെ ഗതാഗത സംവിധാനങ്ങളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യം നടത്തിയിരുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഗതാഗത ശൃംഖലയാണ് ഖത്തര്‍ മെട്രോ. മൂന്ന് ലൈനുകളും 37 സ്‌റ്റേഷനുകളുമായി 75 കിലോമീറ്റര്‍ ദൈര്‍ഖ്യമാണ് ഖത്തര്‍ മെട്രോയിക്കുള്ളത്. ഈ സംവിധാനം മെച്ചപ്പെടുത്തിയതിനൊപ്പം 18,000 ടാക്‌സികള്‍, ഇലക്ട്രിക് ബസുകള്‍, മൂവായിരത്തിലധികം ഇലക്ട്രിക് സൈക്കിളുകള്‍ എത്തിയവയും ഖത്തര്‍ അധികാരികള്‍ ഒരുക്കിയിരുന്നു.
Content Highlights: Qatar gifts the electric buses that used in Fifa world cup 2022, Football World Cup, Electric Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..