സുരേഷ് കുമാർ, സ്വാമിനാഥൻ, മുഹമ്മദ് എന്നിവർ ലോകകപ്പ് ഡ്യൂട്ടിക്കിടയിൽ | ഫോട്ടോ: മാതൃഭൂമി
ഫുട്‌ബോള്‍ ലോകകപ്പിനിടെ ഖത്തര്‍ നടത്തിയ പ്രധാന പരീക്ഷണങ്ങളിലൊന്ന് ഇ-ബസുകളാണ്. 900 ഇ-ബസുകളാണ് ടൂര്‍ണമെന്റിനായി ഖത്തര്‍ ഉപയോഗിച്ചത്. ലോകകപ്പിനിടെ 1.41 ലക്ഷം മണിക്കൂര്‍ ഇ-ബസ് സര്‍വീസ് നടത്തിക്കഴിഞ്ഞു. ഖത്തറിലാകെ 18 ലക്ഷം കിലോമീറ്റര്‍ ഇ-ബസ് ഓടി. ഇതുവഴി 16.5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം ഇല്ലാതാക്കിയെന്നാണ് കണക്ക്. ഇ-ബസുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ലോകകപ്പില്‍ ഡ്രൈവര്‍മാരായി എത്തിയ നമ്മുടെ നാട്ടുകാരെ കണ്ടുമുട്ടിയത്.
കൊടൈക്കനാലില്‍ ഹോട്ടല്‍ നടത്തുന്ന സുരേഷ് കുമാറും കൂട്ടുകാരും. പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിക്കാരനായ ഇദ്ദേഹത്തെ ബാബു എന്നു പറഞ്ഞാലേ നാട്ടില്‍ എല്ലാവരും അറിയൂ. കൂടെയുള്ള ചിറ്റൂരുകാരന്‍ സ്വാമിനാഥനെയും കൊടുവള്ളിക്കാരന്‍ മുഹമ്മദിനെയും ബാബു പരിചയപ്പെടുത്തി. എല്ലാവരും ഖത്തര്‍ ലോകകപ്പിലെ ബസ് ഡ്രൈവര്‍മാരാണ്. ലോകകപ്പിന്റെ ഭാഗമാകാനുള്ള മലയാളികളുടെ വലിയ ആഗ്രഹത്തിന്റെ ഒരു രൂപമായിരുന്നു ഇവരുടെയെല്ലാം തൊഴില്‍.
കൊടൈക്കനാലില്‍ 'കൊച്ചി-കൊടൈക്കനാല്‍' എന്ന പേരിലുള്ള ഹോട്ടല്‍ നടത്തുന്നതിനിടെയാണ് ബാബു ലോകകപ്പ് ഡ്രൈവറായി ദോഹയിലെത്തുന്നത്. ''ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സുള്ള ഞാന്‍ 2006-ല്‍ ഇവിടെ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോള്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. നാലുവര്‍ഷംമുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയി ഹോട്ടല്‍ തുടങ്ങിയത്. ഖത്തറില്‍ ലോകകപ്പ് നടക്കുന്ന വിവരമറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം അതിലേക്ക് ഡ്രൈവര്‍മാരായി അപേക്ഷിച്ചു. ലോകകപ്പ് താരങ്ങളെ കാണാനും കളികാണാനുമൊക്കെ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി.'' -ബാബു പറയുന്നു.
ബാബുവിനെപ്പോലെ ഒരുപാട് മലയാളി ഡ്രൈവര്‍മാര്‍ ലോകകപ്പിന്റെ ഭാഗമാകാന്‍ കടല്‍കടന്ന് ദോഹയിലെത്തിയിട്ടുണ്ട്. ''താരങ്ങളെയും ഒഫീഷ്യല്‍സിനെയും മാധ്യമപ്രവര്‍ത്തകരെയുമൊക്കെ സ്റ്റേഡിയങ്ങളിലേക്കും മറ്റും കൊണ്ടുപോകുന്ന ജോലിയാണ് ഞങ്ങള്‍ക്കുള്ളത്. പലതവണ പരിശീലനം തന്നശേഷമാണ് ഞങ്ങളെ ഡ്യൂട്ടി ഏല്‍പ്പിച്ചത്. ബസിലെ എല്ലാ കാര്യങ്ങളും സാങ്കേതികവിദ്യയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ് റൂട്ടില്‍നിന്ന് തെറ്റിപ്പോയാലോ വൈകിയാലോ ആ നിമിഷം അധികാരികള്‍ അറിയും.'' അതിനിടെ ബാബു ഒരു ഡയലോഗടിച്ചു, ''സത്യം പറഞ്ഞാല്‍ വിമാനം പറത്തുന്നതുപോലെയാണ് ഇവിടെ ബസ്സോടിക്കുന്നത്.''
Content Highlights: Qatar FIFA World Cup Football, Electric Bus Service, Malayali Driver, Drivers From Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..