പാലക്കാട്: സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ എങ്ങനെ വേണമെന്ന് മനസ്സിലാക്കാന്‍ പൊതുമരാമത്തുവകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.ആര്‍.ആര്‍.ഐ) നെറ്റ്‌വര്‍ക്ക് സര്‍വേ വെഹിക്കിള്‍ (എന്‍.എസ്.വി) പൊതുമരാമത്തുവകുപ്പ് എത്തിക്കും.

റോഡ് അറ്റകുറ്റപ്പണി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാന ഹൈവേകളുടെ 4000 കിലോമീറ്റര്‍ നെറ്റ്വര്‍ക്ക് സര്‍വേ വാഹനപരിശോധന നടത്തും.

നെറ്റ്‌വര്‍ക്ക് സര്‍വേ വെഹിക്കിള്‍

അത്യാധുനിക സര്‍വേ സംവിധാനങ്ങളുള്‍പ്പെടുത്തി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വാഹനമാണിത്. ഇതില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം), റോഡിന്റെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനം, ഇതിന്റെ ക്യാമറകള്‍, ലേസര്‍ സംവിധാനം തുടങ്ങിയവയുണ്ട്. റോഡിന്റെ സുരക്ഷ, ദൂരം, വളവ്, ചെരിവ്, കയറ്റിറക്കങ്ങള്‍, ഇരുവശങ്ങളിലുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാം നെറ്റ്‌വര്‍ക്ക് സര്‍വേ വെഹിക്കിളുകള്‍ മനസ്സിലാക്കി റോഡുകളുടെ ഡിജിറ്റല്‍ രൂപം തയ്യാറാക്കും. പ്രത്യേകപരിശീലനം നേടിയ ഡ്രൈവറായിരിക്കും വാഹനം നിയന്ത്രിക്കുക. ഓഗസ്റ്റില്‍ത്തന്നെ സര്‍വേ ആരംഭിക്കാനിരുന്നതാണെങ്കിലും പ്രളയംമൂലം വീണ്ടും നീളുകയായിരുന്നു.

Content Highlights; public work department study how to made road and its maintenance work