പാലക്കാട്: റോഡിലെ കുഴികള്‍ പെട്ടെന്ന് അടയ്ക്കാന്‍ എല്ലാ ജില്ലകളിലും പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രങ്ങള്‍ പൊതുമരാമത്ത് വകുപ്പ് എത്തിക്കും. വിവിധ കമ്പനികളുടെ യന്ത്രങ്ങളെക്കുറിച്ചുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ റോഡ് റിപ്പയര്‍ യൂണിറ്റ് രൂപവത്കരിച്ച് യന്ത്രമുപയോഗിച്ച് റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതും പരിഗണനയിലാണ്.

2011-ല്‍ 31,57,076 രൂപയ്ക്ക് പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രം പൊതുമരാമത്ത് നിരത്ത് വിഭാഗം വാങ്ങിയിരുന്നു. ഇത് വിവിധ സ്ഥലങ്ങളിലെ നഗരപാതകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 2013 വരെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്ലാന്റ് എന്‍ജിന്‍ തകരാറായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനസജ്ജമല്ലാതായി.

ഇതേത്തുടര്‍ന്നാണ് കൂടുതല്‍ സവിശേഷതകളുള്ള യന്ത്രം എല്ലാ ജില്ലകളിലേക്കും വാങ്ങാന്‍ വകുപ്പ് നടപടിയെടുക്കുന്നത്. പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രം ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് പ്രവൃത്തികള്‍ നടത്തുന്നത്. മെഷീന്‍ കരാറുകാര്‍ക്ക് വാടകയ്ക്ക് നല്‍കില്ല.

നിരത്ത് വിഭാഗത്തിന് കീഴിലുള്ള റോഡിലുണ്ടാകുന്ന കുഴികളാണ് അടയ്ക്കുക. കെ.എസ്.ടി.പി. പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡുകളില്‍ വരുന്ന അറ്റകുറ്റപ്പണികള്‍ അതത് റോഡുകള്‍ നിര്‍മിച്ച കരാറുകാര്‍ നടത്തണം. 

യന്ത്രത്തിനുള്ള നിബന്ധന 

പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രത്തിന് കുറഞ്ഞത് 63 കുതിരശക്തി വേണം. 8650 മില്ലിമീറ്റര്‍ നീളവും 2900 മില്ലിമീറ്റര്‍ ഉയരവും 2400 മില്ലിമീറ്റര്‍ വീതിയുമുണ്ടാകണം. 100 ചതുരശ്രമീറ്റര്‍ പ്രവര്‍ത്തനമേഖലയുമുണ്ടാകണമെന്നാണ് നിബന്ധന - പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ഓഫീസ്.

Content Highlighs; Public work department introduce road repairing mechine to all districts