പൊതുഗതാഗതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ ആരാഞ്ഞ് മോട്ടാര്‍ വാഹന വകുപ്പ്. ഇതിനായി ഗൂഗിള്‍ ഫോം ഉപയോഗിച്ച് സര്‍വേ തുടങ്ങി. ബസ് യാത്രയിലെ ബുദ്ധിമുട്ടുകളും പരാതികളും പരിഹാര നിര്‍ദേശങ്ങളുമാണ് ജനങ്ങള്‍ അധികവും മുന്നോട്ടു വെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതുവരെ 3500 പ്രതികരണങ്ങള്‍ കിട്ടി. പൊതു ഗതാഗതത്തെ സംരക്ഷിച്ച് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുക, റോഡ് അപകടങ്ങള്‍ കുറയ്ക്കുക, വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, മലിനീകരണത്തോത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്ന് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കെ.ജി. ദിലീപ്കുമാര്‍ പറഞ്ഞു.

മാറാം മുന്നേറാം

വാഹനങ്ങള്‍ കൃത്യസമയം പാലിക്കുക, ബസുകളില്‍ സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കുക, കാര്‍ഡ് പഞ്ചിങ് സംവിധാനവും പൂര്‍ണമായും ഇ-ടിക്കറ്റ് സംവിധാനവും കൊണ്ടുവരിക, വളവുകളിലുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റുക, എല്ലായിടത്തും ബസ് സര്‍വീസ് ഉറപ്പുവരുത്തുക, ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ജോലിക്കിടയില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് ആളുകള്‍ പ്രധാനമായും മുന്നോട്ടു വെച്ചിരിക്കുന്നത്.

വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും നിര്‍ദേശങ്ങള്‍ നല്‍കാം. https://docs.google.com/.../1X94kbPfWALgiHeRoGzIOgYe.../edit

Content Highlights: Public Transport, MVD Kerala, Public Opinion