ലോക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് പൊതുഗതാഗതം പുനരാരംഭിച്ചപ്പോള്‍ പൂര്‍ണമായും നടപ്പായത് ടിക്കറ്റ് നിരക്കിലെ വര്‍ധന മാത്രം. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാതെയാണ് പലയിടത്തും ഇപ്പോള്‍ പൊതുഗതാഗതം നടക്കുന്നത്. ബസുകളില്‍ സാമൂഹിക അകലം പാലിച്ചാകണം യാത്രക്കാരെ ഇരുത്തേണ്ടത് എന്ന നിര്‍ദേശമാണ് മിക്കയിടത്തും ലംഘിക്കപ്പെടുന്നത്.

തിരക്ക് കുറവുള്ള സമയത്ത് സ്വകാര്യ ബസുകളിലെ ഒരു സീറ്റില്‍ ഒരാള്‍ വീതമാണ് ഇരിക്കുന്നതെങ്കിലും മറ്റു സമയങ്ങളില്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ വീതം ഇരുന്ന് യാത്ര ചെയ്യുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുമ്പോള്‍ നഷ്ടമുണ്ടാകുമെന്ന ബസ് ഉടമകളുടെ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ പ്രത്യേക കാലയളവിലേക്ക് ടിക്കറ്റ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 

എന്നാല്‍, കൂടിയ ടിക്കറ്റ് നിരക്ക് വാങ്ങിയ ശേഷം പല ബസുകളിലും ഒരു സീറ്റില്‍ രണ്ടുപേരെ വീതം ഇരുത്തുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യാത്രക്കാര്‍ തിരക്കുകൂട്ടി ബസുകളിലേക്ക് കയറുമ്പോള്‍ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ അടുത്തടുത്ത് ഇരുത്തുന്നതെന്നാണ് ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ പറഞ്ഞത്.

യാത്രക്കാര്‍ക്കെല്ലാം സാനിറ്റൈസര്‍ നല്‍കണമെന്ന നിര്‍ദേശവും എല്ലാ സമയവും പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്തുവെച്ച് സാനിറ്റൈസര്‍ നല്‍കാറുണ്ടെങ്കിലും യാത്രയ്ക്കിടെ ഓരോ സ്റ്റോപ്പിലും ഇത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നാണ് പറയുന്നത്. ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയില്‍ ഓരോ സ്റ്റോപ്പിലും ഓരോ യാത്രക്കാരനെയും പ്രത്യേകം ശ്രദ്ധിച്ച് സാനിറ്റൈസര്‍ നല്‍കാന്‍ ചിലപ്പോള്‍ കഴിയാതെ വരുന്നുണ്ടെന്നാണ് ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ പറഞ്ഞത്.

രാവിലെയും വൈകുന്നേരവും ചില സ്റ്റോപ്പുകളില്‍നിന്ന് യാത്രക്കാര്‍ തിക്കിത്തിരക്കി ബസിലേക്ക് കയറുന്നതും നിര്‍ദേശങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുറത്തുനില്‍ക്കുന്ന യാത്രക്കാര്‍ ബസിന്റെ വാതിലിനടുത്തെത്തി തിരക്കുകൂട്ടുന്നത് നിയന്ത്രിക്കാന്‍ ബസിനകത്തുള്ള കണ്ടക്ടര്‍ക്ക് പലപ്പോഴും കഴിയാറില്ല. അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കി ബസില്‍ കയറിയതോടെ കഴിഞ്ഞ ദിവസം എറണാകുളത്ത് ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയിരുന്നു.

പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നു; എ.കെ. ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി

സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ ഇരുത്തണമെന്നു തന്നെയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, ചില സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് കഴിയാതെ പോകുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സാധ്യതകളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

Content Highlights: Public Transport During Corona Lock Down