കോട്ടയം: പൊതുഗതാഗതം മുടങ്ങിയ കോവിഡ് കാലത്ത്‌ ഓട്ടം വർധിച്ച സ്വകാര്യവാഹനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഓടുന്നത് അറ്റകുറ്റപ്പണികളും സർവീസും കൃത്യമായി നടത്താതെ. ഫ്രീ സർവീസും വാറന്റി പ്രവൃത്തികളും ഉൾപ്പെടെ ഏകദേശം 15,000 കാറുകളുടെ പണി ജില്ലയിലെ വിവിധ കമ്പനി സർവീസ് സെന്ററുകളിലായി മുടങ്ങിക്കിടക്കുന്നു.

രണ്ടായിരത്തോളം വരുന്ന ജില്ലയിലെ മറ്റ് വര്‍ക്ക് ഷോപ്പുകളിൽ ചെറുതും വലുതുമായ അറ്റകുറ്റപ്പണികൾക്കായി മാസംതോറും എത്തിയിരുന്നത് 25,000-ഓളം ബൈക്കുകളും പതിനായിരത്തോളം കാറുകളുമാണ്. ഒരു മാസത്തിലധികം നീണ്ട ഈ ലോക്ഡൗണിൽ പലപ്പോഴായി കാറിന്റെയും ബൈക്കിന്റെയും വർക്ക്ഷോപ്പുകൾ തുറക്കാൻ അനുവദിച്ചിരുന്നെങ്കിലും സ്പെയർ പാർട്സ് കടകൾ വെവ്വേറെ ദിവസങ്ങളിൽ പ്രവർത്തിച്ചത് പ്രവർത്തനത്തെ ബാധിച്ചിരുന്നു.

മുടങ്ങി, വാറന്റിയും സൗജന്യസർവീസും

ജില്ലയിലെ മാരുതി സുസുക്കിയുടെ അംഗീകൃത സർവീസ് സെന്ററുകളിലായി 5000-ഓളം കാറുകളാണ് ഒരു മാസം സർവീസ് ചെയ്തിരുന്നത്. ഫോർഡും ടൊയോട്ടയും രണ്ടായിരത്തോളം കാറുകളും ഹ്യൂണ്ടായ് നാലായിരത്തോളവും ടാറ്റ ആയിരത്തിലധികവും സർവീസ് ചെയ്തുവന്നിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ദിവസം പോലും തുറക്കാത്ത സർവീസ് സെന്ററുകളുണ്ടായിരുന്നു. ഇളവ് കിട്ടിയ ദിവസങ്ങളിൽ തുറന്ന ഓരോ സർവീസ് സെന്ററുകൾക്കും പരമാവധി ഇരുന്നൂറിൽ താഴെ കാറുകൾ മാത്രമാണ് സർവീസ് ചെയ്തു കൊടുക്കാൻ സാധിച്ചത്. ലോക്ഡൗൺ കഴിഞ്ഞാലും ദിവസവും പത്തോ ഇരുപതോ കാറുകൾ മാത്രമേ സർവീസ് ചെയ്യാനാകൂവെന്നാണ് കമ്പനി അധികൃതർ നിരീക്ഷിക്കുന്നത്. അതേസമയം, ഒട്ടുമിക്ക കമ്പനികളും ലോക്ഡൗൺ കാലത്ത വാറന്റിയും സൗജന്യ സർവീസും നീട്ടിക്കൊടുത്തിട്ടുണ്ട്. സർവീസ് സെന്റർ തുറന്നാൽ അത്തരം വണ്ടികൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ഡീലർമാരും അറിയിച്ചു.

ഓക്സിജൻ കിട്ടാതെ വർക്ക്ഷോപ്പുകൾ

വെൽഡിങ് വര്‍ക്ക് ഷോപ്പുകളിൽനിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധികൃതർ കൊണ്ടുപോയ ഓക്സിജൻ സിലിൻഡറുകളിൽ ഭൂരിഭാഗവും ഇതുവരെ തിരികെ കിട്ടിയില്ല. ജില്ലയിലെ ആയിരത്തോളം വെൽഡിങ് ഷോപ്പുകളിൽനിന്ന് മേയ് ആദ്യമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥർ സിലിൻഡറുകൾ കൊണ്ടുപോയത്. അവ തിരികെ നൽകാൻ സർക്കാർ ഉത്തരവ് വന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വര്‍ക്ക് ഷോപ്പുകാർ ആരോപിക്കുന്നു.

പഴയ വണ്ടികൾ സർവീസ് ചെയ്യാൻ പലപ്പോഴും ഒരു ദിവസം തികയില്ല എന്നതും സ്പെയർപാർട്സ് കടകൾ തുറന്നത് വേറെ ദിവസങ്ങളിലായിരുന്നതും വര്‍ക്ക് ഷോപ്പുകാർക്ക് ലോക്ഡൗൺ കാലത്ത് പ്രതിസന്ധിയുണ്ടാക്കി.

മൂന്നുദിവസമെങ്കിലും വേണം

മൂന്നു ദിവസമെങ്കിലും തുടർച്ചയായി കിട്ടിയാലേ വർക്ക്ഷോപ്പുകൾക്ക് ഫ്രലപ്രദമായി പ്രവർത്തിക്കാനാകൂ. വെൽഡിങ്ഷോപ്പുകളിൽ കരുതലായി ഓക്സിജൻ സിലിനഡറുകളില്ലാത്തതും പണിയെ ബാധിക്കും.

- എ.ആർ.രാജൻ,

ജില്ലാ സെക്രട്ടറി, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ്

കൂടുതൽ സമയം വേണം

അന്യസംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി, അവർ ഉടനെ വരുമെന്ന് തോന്നുന്നില്ല. പകുതി പണിക്കാരെ വെച്ച് വൈകുന്നേരം ഏഴിന് മുമ്പ് പണി തീർക്കുക അപ്രായോഗികമാണ്. രാത്രി ഒമ്പതു വരെയെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണം.

- വി.എം.ബിനു,

ബെസ്റ്റ് ഓട്ടോ പോയിന്റ്, ചുങ്കം