സ്വകാര്യബസ് ഉടമകള്‍ ജി ഫോം അപേക്ഷനല്‍കി ഓട്ടം നിര്‍ത്തിവെച്ചപ്പോള്‍, റോഡ്, ഡീസല്‍ നികുതികളിലായി സര്‍ക്കാരിന് കോടികളുടെ നഷ്ടം. ലോക് ഡൗണ്‍ കണക്കിലെടുത്ത് ഏപ്രില്‍മുതല്‍ ജൂണ്‍ 30 വരെയുള്ള മൂന്നുമാസത്തെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 44 കോടി രൂപയാണ് ഇങ്ങനെ ഒഴിവാക്കിയത്.
ബസുകള്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ ഡീസല്‍ ഇനത്തിലെങ്കിലും പ്രതിദിനം രണ്ടുകോടി രൂപയോളം വില്‍പ്പനനികുതി ലഭിക്കും. എന്നാല്‍, ഭൂരിഭാഗം ബസുകളും ഓട്ടംനിര്‍ത്തി. പ്രശ്‌നപരിഹാരം കാണാന്‍ തത്കാലം ഒരു ടേമിലെ റോഡ് നികുതികൂടി ഒഴിവാക്കിനല്‍കി സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നുമാസത്തെ നികുതി അടയ്ക്കാന്‍ ആദ്യം ജൂലായ് 31 വരെ സമയം നല്‍കി. ബസുകള്‍ക്ക് വരുമാനം തീരെ കുറവാണെന്നുകണ്ട് പിന്നീട് ഇത് സെപ്റ്റംബര്‍ 15 വരെ നീട്ടി. സമയപരിധി നീട്ടിനല്‍കുകയല്ല, നികുതി ഒഴിവാക്കിത്തരണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
15,840 ബസുകളില്‍ 12,443 ബസുകളാണ് ജി ഫോം നല്‍കി ഓട്ടം നിര്‍ത്തിയത്. 3397 ബസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. ഫോം ജി പ്രകാരം ഓടാത്ത കാലത്തെ റോഡ് നികുതി ബസുകള്‍ അടയ്‌ക്കേണ്ടതില്ല. ഫലത്തില്‍ ഇത്രയും ബസുകളുടെ നികുതി ലഭിക്കില്ല.
സര്‍ക്കാര്‍ ഇളവുനല്‍കി ബസുകള്‍ ഓടിയാല്‍ ഡീസല്‍ ഇനത്തില്‍ വലിയ വരുമാനമുണ്ടാവും. ഒരു ബസ് ശരാശരി 50 ലിറ്റര്‍ ഡീസല്‍ നിറച്ചാല്‍ 1300 രൂപ ഈ ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കും. 15,840 ബസുകള്‍ സര്‍വീസ് നടത്തിയാല്‍ പ്രതിദിനം ചുരുങ്ങിയത് രണ്ടുകോടി രൂപയിലേറെ ലഭിക്കും. യാത്രാദുരിതത്തിന് പരിഹാരം കാണാനും പറ്റും.
തത്കാലം നികുതി ഒഴിവാക്കി ബസുകളെയും യാത്രക്കാരെയും സഹായിക്കണമെന്ന നിര്‍ദേശം ബസ്സുടമകളുടെ സംഘടനകളും ചില എം.എല്‍.എ.മാരും സര്‍ക്കാരിനുമുന്നില്‍ വെച്ചിട്ടുണ്ട്. നിര്‍ദേശം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഗണിക്കുമെന്ന് കരുതുന്നതായി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlights: Private Buses Stop Service; Passengers And Bus Employees In Trouble