കോവിഡ് തളര്‍ത്തിയ കാലത്ത് നിരത്തിലിറങ്ങുന്ന പുതിയ സ്വകാര്യബസ്സുകളുടെ എണ്ണത്തിലും വന്‍ കുറവ്. കോവിഡിനുമുമ്പുള്ള കാലത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ചെയ്യപ്പെടുന്ന ബസ്സുകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. 2020 മുതല്‍ ഇതുവരെയുള്ള കോവിഡ് കാലത്ത് ആകെ 977 ബസ്സുകള്‍ മാത്രമാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ചെയ്തത്. 

ശരാശരി 2,000 ബസ്സുകള്‍ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നിടത്താണിത്. അതില്‍ 2021-ല്‍ രജിസ്റ്റര്‍ ചെയ്തത് വെറും 68 ബസ്സുകള്‍ മാത്രമാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതമാണ് പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങുന്നത് കുറച്ചത്. 

മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രീകൃതസംവിധാനമായ 'പരിവാഹനി'ലെ കണക്കുപ്രകാരം 2020-ല്‍ കോവിഡ് ഒന്നാംതരംഗകാലത്ത് 909 ബസ്സുകളെങ്കിലും രജിസ്റ്റര്‍ചെയ്തിരുന്നു. എന്നാല്‍ രണ്ടാംതരംഗം ആഞ്ഞുവീശിയ 2021-ലാണ് ബസ്സുകളുടെ രജിസ്ട്രേഷന്‍ കുറഞ്ഞ് 68 എണ്ണം മാത്രമായത്. 

2018, 2019 വര്‍ഷങ്ങളില്‍ 5,106 ബസുകളാണ് നിരത്തിലിറങ്ങിയത്. 2018-ല്‍ 2,623 ബസ്സുകളും 2019-ല്‍ 2,483 ബസ്സുകളും നിരത്തിലിറങ്ങി. 2017-ല്‍ 3,158 ബസ്സുകളും പുതുതായി രജിസ്റ്റര്‍ ചെയ്തതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ സ്ഥാനത്താണ് കോവിഡ് കാലത്ത് 1000 ബസ്സുകള്‍പോലും പുറത്തിറങ്ങാതിരുന്നത്.

Content Highlights: Private Buses, New Buses Registration, New Private Buses, New Buses, Bus Registration