പ്രതീകാത്മക ചിത്രം
നികുതി അടയ്ക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ജില്ലയില്‍ 40 സ്വകാര്യ ബസുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ബസ് ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ സാവകാശം നല്‍കിയിരുന്നു. ഇത് അവസാനിച്ചിട്ടും നികുതി കുടിശ്ശിക വന്നതോടെയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് എറണാകുളം ആര്‍.ടി.ഒ. പി.എം. ഷെബീര്‍ പറഞ്ഞു.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കും. അതേസമയം, 30 സ്വകാര്യ ബസുകള്‍ക്ക് നികുതി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയ ബസുടമകള്‍ക്കാണ് വണ്ടി നമ്പര്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്.
ഇവര്‍ 10,000 മുതല്‍ 12,000 രൂപ വരെയുള്ള ആറോ ഏഴോ തവണകളായി കുടിശ്ശിക അടച്ചുതീര്‍ത്താല്‍ മതി. നേരത്തെ 2021 ജൂണ്‍ 31 വരെയുള്ള നികുതി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു ശേഷമുള്ള രണ്ട് പാദങ്ങളിലെ കുടിശ്ശികയും 50 ശതമാനം അധിക നികുതിയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. 60,000 രൂപ മുതല്‍ 72000 രൂപ വരെയാണ് ബസുടമകള്‍ അടയ്‌ക്കേണ്ടത്.
നിലവില്‍ ഫിറ്റ്‌നസ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കും ഇന്‍ഷുറന്‍സ് അടയ്ക്കാത്തവര്‍ക്കും എതിരേയാണ് കേസെടുത്ത് പിഴ ചുമത്തിയിട്ടുള്ളത്. അധികം വൈകാതെ നികുതികുടിശ്ശിക ഉള്ളവര്‍ക്കെതിരേയും പരിശോധന ശക്തമാക്കും. നികുതി അടയ്ക്കാത്ത ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Motor Vehicles Department to take action against private buses that do not pay taxes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..