സംസ്ഥാനത്ത് 80 ശതമാനം സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നത് നികുതി അടയ്ക്കാതെ. ഡിസംബര്‍ 31 ആയിരുന്നു നികുതി അടയ്ക്കാനുള്ള അവസാന തീയതി. റോഡ് നികുതിയില്‍ ഇളവ് കിട്ടിയിട്ടില്ലെന്നും സാമ്പത്തികശേഷിയില്ലാത്തതിനാല്‍ തുക അടയ്ക്കാന്‍ കഴിയില്ലെന്നും സ്വകാര്യബസുടമകള്‍ പറയുന്നു. 

ഈ ഇനത്തില്‍ സര്‍ക്കാരിന് കിട്ടാനുള്ളത് 35 കോടിയിലേറെ രൂപയാണ്. നികുതി ഇളവ് പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ബസുകളും സര്‍വീസ് പുനരാരംഭിച്ചത്. ചെലവ് കഴിഞ്ഞ് കാര്യമായി ഒന്നും കിട്ടാത്ത സാഹചര്യമാണ് ഇപ്പോഴെന്ന് ബസുകാര്‍ പറയുന്നു. സമയപരിധി കഴിഞ്ഞതിനാല്‍ 10,000 രൂപ വരെ പിഴത്തുകയും ചേര്‍ത്തുവേണം ഇനി നികുതി നല്‍കാന്‍. 

പത്തനംതിട്ടയില്‍ ഏഴും വയനാട്ടില്‍ രണ്ടും ബസുകള്‍ക്ക് മാത്രമാണ് നികുതി അടച്ചത്. കൂടുതല്‍ സ്വകാര്യബസുകളുള്ള മലപ്പുറത്ത് ഇത് 10 ശതമാനത്തിനു താഴെ മാത്രമാണ്. കൊല്ലത്ത് മാത്രമേ വ്യത്യാസമുള്ളൂ. അവിടെ പകുതി ബസുകള്‍ക്ക് നികുതി അടച്ചു. 

നികുതി അടയ്ക്കാത്ത ബസുകള്‍ക്കുനേരേ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തല്‍ തുടങ്ങി. 7500 രൂപയാണ് പിഴത്തുക. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയല്ലാതെ വഴിയില്ലെന്ന് ബസുടമകള്‍ പറയുന്നു. 

പിഴ കൂടാതെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. 33 സീറ്റുകളുള്ള ബസിന് 20,070 രൂപയും. 38 സീറ്റുള്ളതിന് 23,490 രൂപയും. 48 സീറ്റിന് 29,910 രൂപയും. 2018-ന് ശേഷം ഇറങ്ങിയ വലിയ ബസുകള്‍ക്ക് 36,000 രൂപയുമാണ് ത്രൈമാസ റോഡ് നികുതി.

Content Highlights; Private bus tax, no tax relaxation for private bus, MVD kerala, private bus services