-
ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് സ്വകാര്യബസുകളിലെ ജീവനക്കാര്‍ ജീവിതത്തിലേക്ക് ഡബിള്‍ ബെല്ലടിച്ചത്. യാത്രക്കാരും വരുമാനവുമില്ലാതായതോടെ ബസുകള്‍ വീണ്ടും ഓട്ടം നിര്‍ത്തി. എവിടെ പോയി ഇനി പുതിയ പണി അന്വേഷിക്കുമെന്ന ജീവനക്കാരുടെ ചോദ്യത്തിന് ഉത്തരമില്ല.
പതിനായിരത്തിലേറെ വരുന്ന സ്വകാര്യബസുകളിലെ ജീവനക്കാരും അനുബന്ധ തൊഴിലാളികളുമാണ് ദുരിതത്തിലേക്ക് നീങ്ങുന്നത്. ഞങ്ങള്‍ക്കൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, നിങ്ങള്ക്കെന്തെങ്കിലുമായിക്കോട്ടെയെന്നു പറഞ്ഞാണ് പല ഉടമകളും ഇളവുകള്‍ വന്നതോടെ ബസുകള്‍ നിരത്തിലിറക്കിയത്.
മുമ്പ് 900 രൂപ ഡ്രൈവറും 700 രൂപ കണ്ടക്ടറും വേതനമായെടുത്താണ് ബാക്കി തുക ഉടമയ്ക്ക് നല്‍കിയിരുന്നത്. ലോക്ഡൗണിനുശേഷം ദിവസം മുഴുവന്‍ ബസില്‍ പണിയെടുത്താല്‍ കിട്ടുന്നത് 300 രൂപയായി. പമ്പുകളില്‍ ഡീസലടിച്ചതിന് അങ്ങോട്ട് പണം കൊടുക്കേണ്ടിവന്നതോടെ ഭൂരിഭാഗം ഉടമകളും ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വര്‍ധിപ്പിച്ച ചാര്‍ജ് പ്രഖ്യാപിച്ച് മേയ് 20-നാണ് ബസുകള്‍ നിരത്തിലിറങ്ങിയത്.
കുന്നംകുളം സ്റ്റാന്‍ഡില്‍ ആദ്യദിവസം പത്തില്‍ താഴെ ബസുകള്‍ സര്‍വീസ് നടത്തി. പിന്നീട് അത് 60 വരെയായി ഉയര്‍ന്നു. വീണ്ടുമത് പത്തില്‍ താഴെയായി. വര്‍ധിപ്പിച്ച ചാര്‍ജ് നല്കാന് യാത്രക്കാര്‍ക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്ന് 16 വര്‍ഷമായി കണ്ടക്ടറായി പണിയെടുക്കുന്ന സന്ദീപ് പറഞ്ഞു. പക്ഷേ, പെട്ടെന്നാണ് പഴയ രീതിയിലേക്ക് ചാര്‍ജ് കുറച്ചത്. ഇതോടെ വരുമാനം തീരെയില്ലാതായി. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉടമകളും പതുക്കെ പിന്‍വാങ്ങി.
വരുമാനമില്ലാതെ മൂന്നുമാസം
ബസുകളിലെ മറ്റു ജീവനക്കാര്‍ പണിക്കിറങ്ങിയിട്ട് മൂന്നുമാസത്തോടടുക്കുകയാണ്. വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്മാര്, ടയറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നവര്‍, സ്റ്റാന്‍ഡുകളില്‍ ചില്ലറപണികള്‍ ചെയ്തുകൊടുക്കുന്നവര്, ബസ് കഴുകുന്നവര്‍... സ്വകാര്യബസുകളെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുടെ എണ്ണമേറെയാണ്.
ജില്ലയിലെ ഭൂരിഭാഗം ബസ് സ്റ്റാന്‍ഡുകളും ഏറക്കുറെ നിശ്ചലമാണ്. തൃശ്ശൂര്‍-കുന്നംകുളം റൂട്ടില്‍ മൂന്നുമിനിറ്റ് വ്യത്യാസത്തിലാണ് ബസുകള്‍ ഓടിയിരുന്നത്. ഇപ്പോള്‍ അരമണിക്കൂര്‍ സ്റ്റാന്‍ഡില്‍ കാത്തുകിടന്നാലും യാത്രക്കാരെ കിട്ടാതെയായി. 7000 രൂപയെങ്കിലും കിട്ടാതെ സര്‍വീസ് നടത്തിയിട്ട് പ്രയോജനമില്ലെന്ന് കണ്ടക്ടറായ കൃഷ്ണന് പറഞ്ഞു.
Content Highlights: Private Bus Service Facing Crisis In Post Lock Down Services
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..