സ്വതവേ തകര്‍ച്ച നേരിടുന്ന ബസ് വ്യവസായം കോവിഡ് കാലത്ത് അതിന്റെ നെല്ലിപ്പലക കാണുന്ന സ്ഥിതിയിലാണെന്ന് ഉടമകളുടെ ആശങ്ക. രണ്ടു മാസത്തിലധികമായി നിശ്ചലമായി കിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ 1200-ഓളം ബസ്സുകള്‍ എന്നു റോഡിലിറങ്ങുമെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇനി ഇറങ്ങിയാല്‍തന്നെ യാത്രയുടെ ഗതിയും ഘടനയും എങ്ങനെയായിരിക്കും എന്നു പറയാനാവില്ല.
ലോക്ഡൗണ്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ കണ്ണൂര്‍ ജില്ലയില്‍ 40% ബസ്സുകളും റോഡില്‍നിന്ന് പിന്‍വലിഞ്ഞിരുന്നു. യാത്രക്കാരില്ലാത്തതിനാലും ഡീസല്‍ വാങ്ങാന്‍ പണമെത്താത്ത സ്ഥിതിയും വന്നതോടെയാണിത്. ലോക്ഡൗണ്‍ വന്നതോടെ മുഴുവന്‍ ബസ്സുകളും ഗാരേജിലായി.
ജില്ലയില്‍ വ്യവസായ തകര്‍ച്ച ബാധിക്കുന്നത് ആയിരത്തോളം ഉടമകളെ മാത്രമല്ല. എണ്ണായിരത്തോളം തൊഴിലാളികള്‍ക്ക് പുറമെ പത്തായിരത്തോളം അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാവും. വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍, ഓട്ടോ ഇലക്ട്രീഷ്യന്‍മാര്‍, ലെയ്ത്ത് ജോലിക്കാര്‍, ടയര്‍ റീട്രെഡിങ്, പെയ്ന്റര്‍മാര്‍, സീറ്റു- കവര്‍- കര്‍ട്ടന്‍ വര്‍ക്കിങ് തൊഴിലാളികള്‍, സ്റ്റാന്‍ഡ് ഏജന്റുമാര്‍ തുടങ്ങി വിവിധ അനുബന്ധ തൊഴിലാളികളുടെ ജോലിയും ഇല്ലാതാകും.
കോവിഡ് കാലത്തിന് ശേഷമുള്ള ബസ്സിലെ യാത്രകള്‍ നിയന്ത്രിതമായിരിക്കും എന്ന് സര്‍ക്കാര്‍ പറയുന്നു. ഒരു ബസ്സില്‍ സാമൂഹിക അകലം പാലിച്ചാല്‍ വളരെ കുറച്ചു പേര്‍ക്കേ യാത്രചെയ്യാന്‍ പറ്റൂ. ടാക്‌സിനോ ഇന്‍ഷുറന്‍സിനോ ഡീസല്‍വിലയ്‌ക്കോ ഒരു മാറ്റവുമില്ല. അങ്ങനെ വന്നാല്‍ ഓരോ ബസ്സുടമയ്ക്കും ദിവസേന കടുത്ത നഷ്ടം ഉണ്ടാകും. അതോടെ ഉടമകള്‍തന്നെ ബസ് നിര്‍ത്തിയിടും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രാജുകുമാര്‍ കരുമാരത്ത് പറഞ്ഞു.
ജില്ലയിലെ ബസ്സുകളില്‍ 80 ശതമാനവും ദിവസം ശരാശരി 9000 രൂപ കലക്ഷനുള്ളതാണ്. തൊഴിലാളികളുടെ ശമ്പളം, ഡീസല്‍, ടാക്‌സ്, ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ടയര്‍, വര്‍ക്ക്‌ഷോപ്പ് ചെലവ്, ലോണ്‍ പലിശ തുടങ്ങിയവയ്‌ക്കെല്ലാം കണക്കുകൂട്ടുമ്പോള്‍ ദിവസം 10000 രൂപ ചെലവു വരും. ശരാശരി കളക്ഷനാണെങ്കില്‍ 8000-ത്തിലും 9000-ത്തിനുമിടയില്‍.
പതിനായിരത്തിനു മുകളില്‍ കളക്ഷന്‍ ചുരുക്കം ചില ബസ്സുകള്‍ക്കേയുള്ളൂ. ലോക്ഡൗണിനുശേഷം ഈ വ്യവസായം തീരും. രണ്ടു മാസമായി ഗാരേജിലും ബസ്സ്റ്റാന്‍ഡിലും കിടക്കുന്ന ബസ്സുകള്‍ പലതും സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാറ്റിനും അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.
സര്‍ക്കാരിന് മാത്രമേ വ്യവസായത്തെ രക്ഷിക്കാന്‍ പറ്റൂ എന്നാണ് ഉടമകള്‍ പറയുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടുക, ഡീസലിന് സബ്‌സിഡി നല്‍കുക, നികുതി കുറയ്ക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടുക. നിരത്തില്‍നിന്ന് പിന്‍വലിയുന്ന ബസ്സുകളുടെ കണക്കെടുത്താല്‍തന്നെ വ്യവസായത്തിന്റെ തകര്‍ച്ച മനസ്സിലാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ഉണ്ടായിരുന്ന 2400 ബസ്സുകള്‍ ഇപ്പോള്‍ 1200 ആയി കുറഞ്ഞതായി അവര്‍ പറഞ്ഞു.
Content Highlights: Private Bus Service Facing Crisis During Corona Lock Down