ടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഇരട്ടപ്രഹരമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ നല്‍കിയിരിക്കുന്നത്. 21 ദിവസത്തോളം നിര്‍ത്തിയിടേണ്ടിവന്നതും ഒരിക്കല്‍ പോലും സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നതും സാങ്കേതിക തകരാര്‍ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. 

അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ വന്നതോടെ ബസുകള്‍ വീടുകളിലോ ഷെഡുകളിലോ എത്തിക്കാന്‍ സാധാക്കാതെ പലതും സ്റ്റാന്റുകളിലും പെരുവഴിയിലും നിര്‍ത്തിയിടേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് വാഹനം സ്റ്റാര്‍ട്ട് ചെയ്തിടാനോ മറ്റ് പരിചരണങ്ങള്‍ നല്‍കാനോ കഴിയുന്നില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. 

ഇതിനകം തന്നെ പല ബസുകളുടെയും ബാറ്ററികള്‍ ചാര്‍ജ് തീര്‍ന്ന് തകരാറിലായിട്ടുണ്ട്. അനക്കിയിടാന്‍ പോലൂം സാധിക്കാത്തതിനാലും കടുത്ത വെയിലിനെയും തുടര്‍ന്ന് ടയറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നും ഇത്തരത്തില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള ആശങ്കയിലാണ് ബസ് ജീവനക്കാരും ഉടമകളും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെക്കാലം ഓടാതെ നിര്‍ത്തിയിടേണ്ടിവന്നതോടെ ബസ്സുകളുടെ പ്രവര്‍ത്തനശേഷിയും ഇല്ലാതാവുകയാണ്. ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവ അടക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര സഹായം ഇല്ലെങ്കില്‍ വ്യവസായം തകര്‍ന്ന ചരിത്രം മാത്രമാകുമെന്നും ബസ് ഉടമകളുടെ സംഘടന ഭാരവാഹിയായ രാജ്കുമാര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Private Bus Service Facing Crisis During Corona Lock Down