കിറ്റ് കിട്ടിയാല്‍ പട്ടിണികിടക്കാതെ കഴിയാം. എപ്പോഴും കിറ്റു കിട്ടുമോ? വീട്ടില്‍ മറ്റ് ആവശ്യങ്ങളുമില്ലേ? സ്വകാര്യ ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ക്കപ്പുറമാണ്. ബസ് ഉടമകളായതിനാല്‍ ഉള്ളിലെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും പുറത്ത് കാണിക്കാനാകാതെ ലോക്കായിരിക്കുകയാണ് മുതലാളിമാര്‍. ഇവരെ തേടി സര്‍ക്കാരിന്റെയോ സന്നദ്ധസംഘടനകളുടെയോ സഹായങ്ങളുമെത്തില്ല.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ടായിരുന്നു. ജി-ഫോം നല്‍കി കയറ്റിയിട്ടിരുന്ന പല ബസുകളും ഈ സമയത്ത് വീണ്ടും നിരത്തിലിറങ്ങി.

ഇന്‍ഷുറന്‍സും നികുതിയും അറ്റകുറ്റപ്പണിയുമൊക്കെയായി ഒന്നരലക്ഷം രൂപവരെ ചെലവഴിച്ചാണ് ബസുകളിറക്കിയത്. ഈ തുക തിരിച്ചുകിട്ടുന്നിതിന് മുമ്പേ വീണ്ടും സര്‍വീസിന് പൂട്ടുവീണു. വായ്പയുടെ തിരിച്ചടവും നികുതിയും ഇന്‍ഷുറന്‍സുമൊക്കെയായി വലിയ ബാധ്യതകളാണ് ഉടമകള്‍ക്കുള്ളത്. തൃശൂര്‍ ജില്ലയില്‍ 1600-ഓളം ബസുകളുണ്ടായിരുന്നത് കഴിഞ്ഞ ലോക്ഡൗണിന് ശേഷം 1200-ന് താഴെയായി. -കെ.ബി.ടി.എ. ജില്ലാ ജനറല്‍ സെക്രട്ടറി വി.വി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

പട്ടിണിയിലേക്ക് പതിനായിരത്തിലേറെപ്പേര്‍

2020-ലെ ലോക്ഡൗണിന് ശേഷം 400-500 ബസുകള്‍ റോഡിലിറക്കിയിട്ടില്ല. ഇതിലെ തൊഴിലാളികള്‍ കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലേക്ക് ചേക്കേറി. ഈ ലോക്ഡൗണില്‍നിന്ന് കരകയറാന്‍ പുതിയ മേഖലകള്‍ തേടുന്നുണ്ടെങ്കിലും പരാജയത്തിന്റെ കഥകളാണ് പലര്‍ക്കും പറയുവാനുള്ളത്. ബസുകളില്‍ പണിയെടുക്കുന്ന ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ കൂടാതെ വര്‍ക്ക്ഷോപ്പുകളിലും വിവിധ സ്റ്റാന്‍ഡുകളിലുമായി അനുബന്ധ തൊഴിലെടുക്കുന്നുവരുമേറെയാണ്.

പ്രധാന ആവശ്യങ്ങള്‍

  • ക്ഷേമനിധിയില്‍നിന്ന് ബസ്സുടമകള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക
  • ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക
  • നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ ഇളവ് നല്‍കുക
  • വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തലാക്കുക
  • ബസുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള കാലാവധി നീട്ടി നല്‍കുക
  • ഡീസലിന്റെ അധികനികുതി ഒഴിവാക്കുകയോ സബ്സിഡി അനുവദിക്കുകയോ ചെയ്യുക

പ്രത്യേക പരിഗണന നല്‍കണം

സര്‍ക്കാരിന് ബാധ്യതയില്ലാത്ത സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചുനിര്‍ത്തുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കണം. നികുതി, ഇന്‍ഷുറന്‍സ്, ബസ് സ്റ്റാന്‍ഡ് ഫീസ് തുടങ്ങിയ രീതിയിലെല്ലാം സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന വ്യവസായമാണിത്. 16 മാസമായി ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നിര്‍ത്തിയിട്ട ബസുകള്‍ തിരിച്ചിറക്കുമ്പോള്‍ ടയര്‍, ബാറ്ററി, അറ്റകുറ്റപ്പണി തുടങ്ങിയ വലിയ ബാധ്യതകളാണ് കാത്തിരിക്കുന്നത്.

-കെ.കെ. സേതുമാധവന്‍, ജനറല്‍ സെക്രട്ടറി, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, തൃശ്ശൂര്‍ ഘടകം.

Content Highlights: Private Bus Sector Facing Huge Crisis During Covid Second Wave