ഇപ്പോള്‍ തന്നെ നഷ്ടത്തിലോടുന്ന സ്വകാര്യ ബസ് സര്‍വീസ് ഇന്ധനവില ഉയരുന്നതിനെ തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലെന്ന് ഉടമകള്‍ പറയുന്നു. കോവിഡിന്റെ തുടക്കക്കാലത്ത് 66 രൂപയായിരുന്ന ഡീസല്‍ വില ഇപ്പോള്‍ ലിറ്ററിന് 79 രൂപയാണ്.
ജീവനക്കാരുടെ എണ്ണംകുറച്ച്, പകുതി ശമ്പളത്തില്‍ ജോലിചെയ്യാന്‍ മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ബസുകള്‍ നിരത്തിലിറക്കാന്‍ സാഹചര്യമുണ്ടായത്. ജില്ലയില്‍ ഏതാണ്ട് 75 ശതമാനം ബസുകള്‍ യാത്രക്കാര്‍ പകുതിയായിട്ടും ജീവനക്കാരുടെ സഹകരണം മൂലമാണ് നിരത്തിലിറക്കാന്‍ കഴിയുന്നത്. ആളില്ലാത്ത ദിവസങ്ങളിലും യാത്രാതിരക്കില്ലാത്ത സമയങ്ങളിലും സര്‍വീസ് വെട്ടിച്ചുരുക്കി യാണ് ഇപ്പോള്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നത്.
കോട്ടയം ജില്ലയില്‍ കോവിഡ് സാഹചര്യത്തിലും മൊത്തമുള്ള ആയിരത്തിലേറെ ബസുകളില്‍ 75 ശതമാനവും നിരത്തിലിറക്കിയിട്ടുണ്ട്. ചെക്കര്‍, ക്ലീനര്‍ ജീവനക്കാരെ ഒഴിവാക്കി, ഡ്രൈവറും കണ്ടക്ടറും മാത്രമാണ് പകുതി വേതനത്തില്‍ ജോലിക്കു തയ്യാറായി സര്‍വീസ് നിലനിര്‍ത്തുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് പറഞ്ഞു.
ഇന്ധനം,മെയിന്റനന്‍സ്, ടയറുകളുടെ തേയ്മാനം, ജോലിക്കാരുടെ വേതനം, എന്നിവ കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ ആറുമാസക്കാലത്തെ റോഡ് ടാക്‌സിലും ജീവനക്കാരുടെ ക്ഷേമനിധി വിഹിതത്തിലും ഇളവു ലഭിച്ചതാണ് ഏക ആശ്വാസമെന്ന് സെക്രട്ടറി അറിയിച്ചു.
ഈ മാസം 31-ന് മുന്‍പ് ആറുമാസത്തെ റോഡ് ടാക്‌സും ക്ഷേമനിധി വിഹിതവും അടയ്ക്കണമെന്ന് അറിയിപ്പ് കിട്ടിയിരിക്കുകയാണ്.കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പൂര്‍ണമായും റോഡ് ടാക്‌സും ക്ഷേമനിധി വിഹിതവും ഒഴിവാക്കിയിരിക്കുകയാണ്. അതുപോലെ സ്വകാര്യ ബസ് സര്‍വീസ് നിലനിര്‍ത്താനും സത്വര നടപടി വേണമെന്ന് ഉടമകള്‍ പറയുന്നു.
ഇതിനിടയില്‍ ബസുകളില്‍ 31-ന് മുന്‍പ് ജി.പി.എസ്.ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവും വന്നിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ഇത്തരം ചെലവുകള്‍ താങ്ങാന്‍ ഉടമകള്‍ക്കാവില്ലെന്നും ജി.പി.എസ്. തത്കാലത്തേക്ക് ഒഴിവാക്കണമെന്നും കെ.എസ്.സുരേഷ് ആവശ്യപ്പെട്ടു.
Content Highlights: Private Bus Sector Facing Heavy Crisis During Diesel Price Hike