കോവിഡ് കാലത്ത് സര്‍വീസ് നഷ്ടം പെരുകാതിരിക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ബസുകളും ഫോം-ജി നല്‍കി ഓട്ടം നിര്‍ത്തി. സംസ്ഥാനത്ത് മൊത്തമുള്ള 12,500 സ്വകാര്യ ബസുകളില്‍ 10,500 എണ്ണവും കയറ്റിയിട്ടിരിക്കുകയാണ്. സര്‍വീസ് നിര്‍ത്തിവെച്ചതായി കാണിച്ച് ആര്‍.ടി.ഒ. ഓഫീസില്‍ ബസ്സുടമ സമര്‍പ്പിക്കുന്ന രേഖയാണ് ഫോം-ജി. ഇത് സമര്‍പ്പിച്ചാല്‍ പീന്നീട് സര്‍വീസ് ആരംഭിക്കുന്ന കാലം വരെയുള്ള റോഡ്-വാഹന നികുതി ഒടുക്കേണ്ടതില്ല.

48 സീറ്റുള്ള ബസിന് മൂന്നു മാസത്തിലൊരിക്കല്‍ 29,990 രൂപയാണ് നികുതി. ഇതോടൊപ്പം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരാള്‍ക്ക് 4,000 വീതവും അടയ്ക്കണം. വാഹനം ഓടാതെ കയറ്റിയിട്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇന്‍ഷുറന്‍സിനും ഇളവ് കിട്ടും. കോവിഡ് കാലത്തുണ്ടാകുന്ന ഭീമമായ നഷ്ടത്തില്‍ നിന്ന് തെല്ല് ആശ്വാസം തേടിയാണ് ബസ്സുടമകള്‍ ഫോം ജി-യെ ആശ്രയിക്കുന്നത്. 

സ്ഥരിമായി നിര്‍ത്തിയിട്ടാല്‍ ബസുകളുടെ യന്ത്രവും ടയറുകളും കേടാകും. അതേസമയം ഓടിയാല്‍ അതിലും വലിയ നഷ്ടം ഉണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനാകുക. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമാണ് അനുമതി. അതുപ്രകാരം ചില ബസുകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസവും ചില ബസുകള്‍ക്ക് മൂന്നു ദിവസവും സര്‍വീസ് നടത്താം.

കോവിഡ് മാനദണ്ഡപ്രകാരം സീറ്റുകളുടെ എണ്ണത്തിന്റെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ ഡീസല്‍വില ലിറ്ററിന് നൂറോടടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ എല്ലാ സ്വകാര്യ ബസുകളും ജൂണ്‍ 30-ന് ഫോം ജി സമര്‍പ്പിച്ച് നിര്‍ത്തിയിടാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി ഇങ്ങനെ

1980-ല്‍ നിരത്തിലുണ്ടായിരുന്ന ബസുകള്‍-30,000

  • 2017-ല്‍ -14,800
  • 2020 ജനുവരിയില്‍ -14,000
  • 2021 ജനുവരിയില്‍ -3,800
  • 2021 ജൂണ്‍ 25-ന് - 1,500.
  • 2020 ജനുവരിയില്‍ പൂര്‍ണ ഇന്‍ഷുറന്‍സുണ്ടായിരുന്ന ബസുകള്‍-11,000
  • 2021 ജനുവരിയില്‍ -180.

(48 സീറ്റുള്ള ബസിന് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക 68,000 രൂപയാണ്)

  • 1980-ല്‍ ഒരു ബസില്‍ ഒരു ദിവസത്തെ യാത്രക്കാര്‍(ശരാശരി)-1400
  • 2017-ല്‍ - 900
  • 2020 ജനുവരിയില്‍ -650

2021 ജൂണ്‍ 25-ന് -90. (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കണക്ക്)

വന്‍കിട കമ്പനികളും തകര്‍ന്നു

നാറ്റ്പാകിന്റെ കണക്ക് പ്രകാരം 2001-ല്‍ കേരളത്തില്‍ 400-ല്‍ പരം വന്‍കിട ബസ് കമ്പനികളുണ്ടായിരുന്നു. ഇപ്പോള്‍, 10-ല്‍ക്കൂടുതല്‍ ബസുകളുള്ള 24 കമ്പനികള്‍ മാത്രം. 160 ബസുകളുണ്ടായിരുന്ന മയില്‍വാഹനം ഗ്രൂപ്പിന് ഇപ്പോള്‍ രണ്ട് ബസുകള്‍ മാത്രമെന്നത് ഒരു ഉദാഹരണം മാത്രം.

Content Highlights: Private Bus Sector Facing Heavy Crisis Due To Corona Virus And Diesel Price Hike