ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ ഒരു വര്‍ഷത്തേക്കു ബസുകള്‍ നിരത്തിലിറക്കാതിരിക്കാന്‍ അനുമതി തേടി ബസ് ഉടമകള്‍. ഇതിനായി കോട്ടയം ജില്ലയിലെ 900 ബസ് ഉടമകളും മോേട്ടാര്‍ വാഹനവകുപ്പിനു ജി ഫോം നല്‍കിത്തുടങ്ങി. ഇതിനായുള്ള 400 രൂപ ഓണ്‍ലൈനില്‍ അടച്ചശേഷം ഫോം പൂരിപ്പിച്ച് ആര്‍.ടി. ഓഫീസുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉടമകള്‍.

ജി ഫോം നല്‍കിയാല്‍ വാഹന നികുതി, ക്ഷേമനിധി, ഇന്‍ഷുറന്‍സ് എന്നീ ബാധ്യതകളില്‍നിന്ന് ഒഴിവാകാമെന്നതാണ് ഉടകമകള്‍ക്ക് ലഭിക്കുന്ന നേട്ടം. നിര്‍ത്തിക്കൊണ്ട് യാത്രക്കാെര കൊണ്ടുപോകരുത്, എല്ലാ യാത്രക്കാര്‍ക്കും ബസ് ഉടമകള്‍ മാസ്‌ക് നല്‍കണമെന്ന നിര്‍ദേശവുമുള്ള സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയില്ലെന്നതിനാലാണ് ജി ഫോം നല്‍കാന്‍ നിര്‍ബന്ധിതരായതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാസെക്രട്ടറി എ.സി. സത്യന്‍ പറഞ്ഞു.

 

അതിനാല്‍ 2021 മാര്‍ച്ച് 31 വരെ ബസ് ഇറക്കാതിരിക്കാനുള്ള ജി ഫോം ആണ് എല്ലാ ഉടമകളും നല്‍കിയിരിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. ജില്ലയില്‍ പ്രധാനമായും കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം, പാലാ, ചങ്ങനാശ്ശേരി ആര്‍.ടി.ഓഫീസുകളെ കേന്ദ്രീകരിച്ചാണ് ബസുകള്‍ ഉള്ളത്. നികുതി ഇളവുകളും സബ്‌സിഡികളും അനുവദിക്കണമെന്നും ഇതിനായി പ്രത്യേക പാക്കേജ് വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ഒരു വര്‍ഷത്തേക്കുള്ള നികുതി ഇളവുകള്‍ നല്‍കുകയും ഇന്ധനത്തിന്റെ സെസ് ഒഴിവാക്കുകയും ചെയ്യണമെന്നതാണ് സംഘടനയുടെ ആവശ്യം. എങ്കില്‍പോലും സര്‍വീസ് നടത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള കണ്‍സെഷന്‍ നല്‍കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍പോലും ഉള്‍പ്പെടുമെന്ന് സെക്രട്ടറി പറയുന്നു.

Content Highlights: Private Bus Owners Stared To Submit G-Form To Stop Service