സ്വകാര്യബസുകള്‍ സീറ്റില്‍ ഒരാളെവീതംവെച്ച് ഓടിക്കാന്‍ തയ്യാറാണെന്ന് ഉടമകള്‍. എന്നാല്‍, ഇതിന് സര്‍ക്കാരിന്റെ സഹായംകൂടി വേണം. പാതിവിലയ്ക്ക് ഇന്ധനം ലഭ്യമാക്കുക, നികുതി ഒഴിവാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകള്‍ ഉന്നയിക്കുന്നത്.

ലോക്ഡൗണിനുമുമ്പേ ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. മാര്‍ച്ച് 23ന് രാത്രിയോടെ സര്‍വീസ് നിര്‍ത്തി. കടുത്ത സാമ്പത്തികബാധ്യതയിലാണ് ബസ്സുടമകള്‍. നിലവിലെ പ്രതിസന്ധിയില്‍ പകുതി യാത്രക്കാരുമായി സര്‍വീസ് നടത്തിയാല്‍ വ്യവസായം തകരും.

നിലവില്‍ 75,000 രൂപയ്ക്ക് മുകളിലാണ് നികുതി അടയ്ക്കുന്നത്. ഇതില്‍ ഇളവുവേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ആറുമാസത്തേക്ക് ഫിറ്റ്‌നസ് കാലാവധി നീട്ടിനല്‍കണം. നിര്‍ത്തിയിട്ട ദിവസങ്ങള്‍ക്കാനുപാതികമായി ഇന്‍ഷുറന്‍സ് തീയതി നീട്ടിനല്‍കണം, ഓടാതെ കിടന്ന ബസ് വീണ്ടും പുറത്തിറക്കുമ്പോള്‍ അറ്റകുറ്റപ്പണിക്കായി 70,000 രൂപയോളം ചെലവുവരും. ഇതിനുള്ള സഹായമായി പലിശരഹിത വായ്പയും നല്‍കണം എന്നീ ആവശ്യങ്ങളാണ് ബസ്സുടമകള്‍ ഉന്നയിച്ചത്.

ജി ഫോമില്‍ ഒരുവര്‍ഷം ബസ് ഗാരേജില്‍

60 ദിവസത്തില്‍ കൂടുതല്‍ ബസ് ഓടാതെയിട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കുതന്നെ ഇന്‍ഷുറന്‍സ് തീയതി നീട്ടിനല്‍കാം. ഇതിനുള്ള ജി ഫോം ബസ്സുടമകള്‍ ആര്‍.ടി. ഓഫീസില്‍ നല്‍കണം. ജി ഫോമില്‍ 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ ബസ് ഓടാതെ ഇടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

എന്നാല്‍ തീയതി തിരുത്തി നല്‍കാവുന്നതേയുള്ളു. ഇത് തെറ്റിദ്ധരിച്ചാണ് ഒരുവര്‍ഷം ബസിറങ്ങില്ലെന്ന് പ്രചാരണം നടക്കുന്നതെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി. സത്യന്‍ പറഞ്ഞു. സഹായംലഭിച്ചാല്‍ സര്‍ക്കാര്‍ അറിയിക്കുന്ന ദിവസം ബസ് സര്‍വീസ് നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Private Bus Owners Seek Government Support To Continue The Service