നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കൊച്ചി പ്രദേശത്ത് തിങ്കളാഴ്ച നിരത്തിലിറങ്ങിയത് ഏതാനും ബസുകള്‍ മാത്രം... മട്ടാഞ്ചേരി, ഇടക്കൊച്ചി, പെരുമ്പടപ്പ്, ഫോര്‍ട്ടുകൊച്ചി, കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരത്തുവിട്ട ബഹുഭൂരിപക്ഷം ബസുകളും ഇനിയും പുറത്തിറങ്ങിയിട്ടില്ല.
ശനിയാഴ്ച രണ്ടോ മൂന്നോ ബസുകള്‍ സര്‍വീസ് നടത്തി. തിങ്കളാഴ്ച കൂടുതല്‍ ബസുകള്‍ ഓടുമെന്നാണ് ബസ്സുടമ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പുറത്തിറങ്ങിയത് പത്തില്‍ താഴെ ബസുകള്‍ മാത്രമാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയത് സാധാരണ തൊഴിലാളികള്‍ക്ക് ജോലി എടുക്കാനുള്ള സാഹചര്യമൊരുക്കാനാണ്.
ബസ് ഗതാഗതം പുനരാരംഭിക്കാതെ സാധാരണക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ എത്താനാവില്ല. കൊച്ചി നഗരത്തിലേക്ക് ജോലിക്കായി പോകുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ പടിഞ്ഞാറന്‍ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇവര്‍ക്കൊന്നും പോകാനായിട്ടില്ല.
വിലക്കുകളില്‍ ഇളവ് നല്‍കിയിട്ടും ബസുകള്‍ ഓടാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനാവാത്ത സ്ഥിതിയാണ്. നാമമാത്രമായി ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ കൂട്ടത്തോടെ കയറുന്നതും പ്രശ്‌നമാകുന്നുണ്ട്. ബസുകളില്‍ നിയന്ത്രണങ്ങളോടെ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്നതിന് പോലീസ് നിരീക്ഷണം വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
സാങ്കേതിക തടസ്സമെന്ന് ബസ്സുടമകള്‍
സാങ്കേതിക തടസ്സമുള്ളതിനാലാണ് എല്ലാ സ്വകാര്യ ബസുകള്‍ക്കും നിരത്തിലിറങ്ങാന്‍ കഴിയാത്തതെന്ന് ബസ്സുടമകള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള ലെയ്ഡ് അപ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ താമസം നേരിടുന്നുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല, ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി കാണിച്ച് ബസ്സുടമകള്‍ നേരത്തെ സര്‍ക്കാരിന് രേഖ നല്‍കിയിരുന്നു. നികുതി ഇളവ് ലഭിക്കാനാണിത്. ഇതിന്റെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ബസുകള്‍ക്ക് ഓടാനാവില്ലെന്ന് ഉടമകള്‍ പറയുന്നു.
പരിശോധനാ സംവിധാനം ശക്തമാക്കണം
ബസില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന ക്രമത്തില്‍ യാത്രക്കാരെ കയറ്റണമെന്നാണ് നിര്‍ദേശം. ബസില്‍ പരമാവധി 25 പേര്‍ക്കാണ് യാത്രചെയ്യാന്‍ കഴിയുക. എന്നാല്‍, ബസുകള്‍ കുറവായതിനാല്‍ ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നുണ്ട്. ജീവനക്കാര്‍ ശ്രമിച്ചാല്‍ ഇത് തടയാനാവില്ലെന്ന് ബസ്സുടമകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി, തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാരാണ് ശ്രമിക്കേണ്ടത്. എന്നാല്‍, കൂടുതല്‍ ആളുകള്‍ ബസില്‍ കയറിയാല്‍ ജീവനക്കാര്‍ക്ക് പിഴ അടിക്കുന്ന ഏര്‍പ്പാട് പുനഃപരിശോധിക്കണമെന്ന് ബസ്സുടമ സംഘം കൊച്ചി മേഖലാ സെക്രട്ടറി രാമ പടിയാര്‍ ആവശ്യപ്പെട്ടു.
Content Highlights: Private Bus Owners Not Ready For Services