ലോക്ക്ഡൗണിന്റെ ഭാഗമായി സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചത് കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കിത്തരണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് മാസം സര്‍വീസ് നടത്തുന്നതിനുവേണ്ടി ബസ്സുടമകള്‍ നേരത്തേ നികുതിയടച്ചിരുന്നു.

എന്നാല്‍ ആ മാസം മുഴുവനും ഓടാന്‍ കഴിഞ്ഞില്ല. ത്രൈമാസനികുതിയില്‍ ഒരുമാസത്തെ നികുതി മാത്രമാണ് സര്‍ക്കാര്‍ ഇളവ് ചെയ്തുകൊടുത്തത്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ത്തന്നെ ബസ്സുകള്‍ എപ്പോള്‍ ഓടുമെന്ന് ആര്‍ക്കും നിശ്ചയമില്ല. നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ സര്‍വീസ് തുടങ്ങണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും.

അതിനാല്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കണം. വാഹന വായ്പകളിലുള്ള മൊറട്ടോറിയം ആറുമാസത്തേക്കെങ്കിലും നീട്ടിയാല്‍ മാത്രമേ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.

ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യം ലഭിക്കാത്ത നിരവധി തൊഴിലാളികളുണ്ട്. ഇവര്‍ക്ക് അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്നും ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.കെ.പവിത്രന്‍, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, സെക്രട്ടറി ടി.രാധാകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Content Highlights: Private Bus Owners Demand Three Months Tax Relaxation