
കെ.പി. മോഹനൻ തന്റെ ബസിന് മുന്നിൽ | ഫോട്ടോ: മാതൃഭൂമി
20 വര്‍ഷം ബഹ്റൈനിലും ഇറാഖിലും പ്രവാസജീവിതം നയിച്ച മോഹനന്‍ 2000-ത്തില്‍ തിരിച്ചെത്തി മോഹംകൊണ്ട് വാങ്ങിയതാണ് രണ്ട് ബസുകള്‍. ബസുകള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാനാണ് ഇപ്പോള്‍ മോഹം. എന്തുചെയ്താലും അധികൃതരുടെ കണ്ണില്‍ കുറ്റം. ഒരു കുറ്റവും ശിക്ഷയുമിങ്ങനെ- തൃപ്രയാറില്‍നിന്ന് ഇരിങ്ങാലക്കുട ഠാണാവ് വരെ സര്‍വീസ് നടത്തേണ്ടിയിരുന്ന മോഹനന്റെ നിമ്മിമോള്‍ ബസ് സാങ്കേതികപ്രശ്‌നം കാരണം ഒരു ദിവസം സര്‍വീസ് പൂര്‍ത്തിയാക്കിയില്ല.
സര്‍വീസ് പൂര്‍ത്തിയാക്കാത്തതിനും ബസ് വഴിയരികില്‍ നിര്‍ത്തിയതിനും ബസ്സുടമ കെ.പി. മോഹനന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പിഴയിട്ടു, 7500 രൂപ. മറ്റൊരു കുറ്റമിങ്ങനെ- തൃപ്രയാര്‍ മുതല്‍ ഠാണാവ് വരെയാണ് ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി. അതുപ്രകാരം മോഹനന്റെ ബസുകള്‍ സര്‍വീസ് നടത്തി. എന്നാല്‍, തൃപ്രയാറില്‍നിന്നുള്ള ബസുകള്‍ ഠാണാവിലെത്താതെ ഇരിങ്ങാലക്കുടയില്‍ സര്‍വീസ് അവസാനിപ്പിക്കണമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
ഇതറിയാതെ ഒരുദിവസം ഠാണാവ് വരെ സര്‍വീസ് നടത്തിയതിന് മോഹനന്‍ വിശദീകരണം നല്‍കി പിഴയൊടുക്കേണ്ട അവസ്ഥയിലാണ്. തൃപ്രയാര്‍ മുതല്‍ ഠാണാവ് വരെ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) നല്‍കിയ അനുമതി നടപ്പാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയുെട ഉത്തരവുണ്ട്. അതുകൊണ്ടൊന്നും കാര്യമുണ്ടാകുന്നില്ല. റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ പുതിയ പരിഷ്‌കാരംകൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നിലേറെയാണ്.
ഇരിങ്ങാലക്കുടയില്‍നിന്ന് ഠാണാവില്‍ പോയി മടങ്ങിയെത്താന്‍ മൂന്നു കിലോ മീറ്ററുണ്ട്. അഞ്ചു മിനിറ്റിന്റെ യാത്ര. ഠാണാവിലേക്ക് പോകാതെ ഇരിങ്ങാലക്കുടയില്‍ സര്‍വീസ് അവസാനിപ്പിക്കാനും ഠാണാവില്‍ പോയി സര്‍വീസ് അവസാനിപ്പിക്കാനും ഒരേസമയമാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഠാണാവില്‍ പോകരുെതന്ന് ഉത്തരവിട്ടപ്പോള്‍ ബാക്കിവരുന്ന അഞ്ചു മിനിറ്റ് സര്‍വീസ് സമയം ബസ് എവിടെ നിര്‍ത്തിയിടും. ഇതാണ് പ്രശ്‌നം. സമയം ക്രമീകരിക്കാനായി കാട്ടൂര്‍ ബസ് സ്റ്റാന്‍ഡില്‍ അല്പസമയം നിര്‍ത്തിയിട്ടതോടെ മറ്റ് ബസുകാര്‍ നിമ്മിമോള്‍ ബസിന്റെ വാതിലും പൂട്ടും തല്ലിത്തകര്‍ത്തു.
ഇരിങ്ങാലക്കുടയിലേക്കും ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള ഠാണാവിലേക്കും ഒരേ യാത്രക്കൂലിയാണ്. ഠാണാവിലേക്ക് പോകാന്‍ അനുമതിയില്ലാത്തതിനാല്‍ യാത്രക്കാര്‍ പണം തിരികെ ആവശ്യപ്പെടുകയാണ്. ഇരിങ്ങാലക്കുടയിലിറങ്ങി വീണ്ടും പത്തുരൂപ മുടക്കിവേണം യാത്രക്കാര്‍ക്ക് ഠാണാവിലേക്ക് അടുത്ത ബസില്‍ പോകാന്‍. ആദ്യമായല്ല, അറുപത്തഞ്ചുകാരനായ മോഹനന് ബസ് കാരണം പ്രശ്‌നങ്ങളുണ്ടാകുന്നത്. 2010 ജൂലായ് ഏഴിന് ഗതാഗതവകുപ്പ് ചതിച്ചു. മോഹനന്റെ രണ്ട് ബസിനും ഒരേ സ്ഥലത്തുനിന്ന് ഒരേ ടൈം ഷെഡ്യൂള്‍ നല്‍കി. ഇത് മാറ്റിക്കിട്ടാന്‍ 12 വര്‍ഷമെടുത്തു. മാറ്റിയത് രണ്ടുമിനിറ്റ് ഇടവേളമാത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..