വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസ് തടയുന്ന പ്രിൻസിപ്പാൾ | Photo: Social Media
ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ നില്‍ക്കുന്നത്. വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, സ്‌റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാര്‍ഥികളെ കയറ്റുക തുടങ്ങി പല കീഴ്‌വഴക്കങ്ങളും ബസ് ജീവനക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ വിദ്യാര്‍ഥികള്‍ക്കായി ബസ് തടയാനിറങ്ങിയ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.
ബസ് സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന വിദ്യാര്‍ഥികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിന്‍സിപ്പലും, പ്രിന്‍സിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് വിദ്യാര്‍ഥികള്‍ക്കായി നെഞ്ചുവിരിച്ച് റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്.
ബസ് തടയുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ആളുകളെയും വിദ്യാര്‍ഥികളെയും അറിയിക്കാതെയാണ് അധ്യാപകന്‍ തനിച്ച് റോഡില്‍ ഇറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായ സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്നും അപകടകരമായി അമിതവേഗത്തില്‍ ഓടിച്ച് പോകുകയാണെന്നും പരാതി ഉയര്‍ന്ന പശ്ചാലത്തിലാണ് പ്രിന്‍സിപ്പൽ തന്നെ നേരിട്ട് ബസ് തടയാന്‍ ഇറങ്ങിയത്.
വിദ്യാര്‍ഥികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ മടികാണിക്കുന്നുവെന്നും അമിതവേഗത്തില്‍ ഓടിച്ച് പോകുന്നുവെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമിച്ചെങ്കിലും അമിത വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. എന്നാല്‍, റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ച് വെച്ചാണ് പ്രിന്‍സിപ്പൽ ഇന്ന് ബസിനെ നടുറോഡില്‍ തടഞ്ഞിട്ടത്.
Content Highlights: Private bus not carrying students;The school principal came to road and stopped the bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..