പ്രതീകാത്മകചിത്രം | Photo: Mathrubhumi
കെ.എസ്.ആര്‍.ടി.സി.യുടെ ദേശസാത്കൃതപാതയില്‍ അനധികൃതമായി ഓടിയ സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുക്കാത്ത ആര്‍.ടി.ഒ.യ്ക്ക് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കൊല്ലം ആര്‍.ടി.ഒ. ഡി.മഹേഷിനോടാണ് വിശദീകരണം തേടിയത്. ഓയൂരില്‍നിന്ന് കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തിയിരുന്ന 'ശരണ്യ'യുടെ സ്വകാര്യബസുകള്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. നല്‍കിയ പരാതിയിലാണ് നടപടി.
പെര്‍മിറ്റ് ബസുകളെപ്പോലെ റൂട്ടും സമയവും സ്വയം പ്രഖ്യാപിച്ചാണ് ബസുകള്‍ ഓടുന്നത്. വഴിയില്‍നിന്നു യാത്രക്കാരെ വിളിച്ചുകയറ്റുകയും യാത്രക്കാരില്‍നിന്നു പ്രത്യേക നിരക്കീടാക്കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈനിലും ടിക്കറ്റ് വിറ്റു. ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി. നല്‍കിയ പരാതി അന്വേഷിക്കാനാണ് കൊല്ലം ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തിയത്. എന്നാല്‍, സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ മറച്ചുെവച്ച്, അനുകൂല റിപ്പോര്‍ട്ടാണ് ആര്‍.ടി.ഒ. നല്‍കിയത്. ഓണ്‍ലൈനിലാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നും അതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.
കെ.എസ്.ആര്‍.ടി.സി. നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയും വേണ്ടത്ര അന്വേഷണം നടത്താതെയുമാണ് ആര്‍.ടി.ഒ. റിപ്പോര്‍ട്ട് നല്‍കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബസുകളില്‍ റൂട്ട് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതും വഴിയില്‍നിന്നു യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതും കളര്‍ കോഡ് പാലിക്കാത്തതും ആര്‍.ടി.ഒ. റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ട്രാക്ട് ക്യാരേജ്(ടൂറിസ്റ്റ്) വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ച് ഓടാന്‍ അനുമതിയില്ല.
ഈ ക്രമക്കേടുകളൊന്നും ആര്‍.ടി.ഒ.യുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഗുരുതരമായ വീഴ്ചയാണ് ആര്‍.ടി.ഒ.യുടെ ഭാഗത്തുനിന്നുണ്ടായത്. കര്‍ശന നടപടി ഉണ്ടാകുമെന്നറിയുന്നു. കുത്തകപാതകളിലെ അനധികൃത ബസ് സര്‍വീസുകള്‍ക്കെതിരേ ഏറെക്കാലമായി കെ.എസ്.ആര്‍.ടി.സി. പരാതിപ്പെടുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളടക്കം വിപുലമായ പരിശോധനാസംവിധാനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനുണ്ടെങ്കിലും നടപടിയെടുക്കാറില്ലെന്ന പരാതി ശക്തമാണ്. ഇതിനിടെയാണ് ഗതാഗത സെക്രട്ടറി നേരിട്ടിടപെട്ടത്.
Content Highlights: Private bus illegal service; Transport Secretary has issued a show cause notice to the RTO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..