കോവിഡ് പ്രതിസന്ധിയില്‍ ബസ് തൊഴിലാളികളെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ജീവന്റെ കാര്യം വരുമ്പോള്‍ ട്രിപ്പ് നോക്കി നില്‍ക്കാന്‍ പറ്റുമോ? പറഞ്ഞു വരുന്നത് നെഞ്ചുവേദനകൊണ്ട് പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാരെക്കുറിച്ചാണ്.

തൃശ്ശൂര്‍ - പറപ്പൂര്‍ ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ജോണിച്ചന്‍ (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് നരിയംപുള്ളി വീട്ടില്‍ റിബിന്‍ ബാലന്‍, കണ്ടക്ടര്‍ എടക്കഴിയൂര്‍ അയ്യത്തയില്‍ ഷംസീര്‍ എന്നിവരാണ് ഈ ട്രിപ്പിലെ ഹീറോസ്. ബുധനാഴ്ച രാവിലെ 7.10-ന് ചാവക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന ബസില്‍ കയറിയതായിരുന്നു ചാവക്കാട് സ്വദേശിയായ സുബൈദയും മകളും. മെഡിക്കല്‍ കോളേജിലേക്കാണ് ഇവര്‍ പോയിരുന്നത്. 

യാത്രയ്ക്കിടെ പറപ്പൂര്‍ എത്തിയപ്പോള്‍ സുബൈദയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ കണ്ടക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് യാത്രക്കാരുടെ സഹകരണത്തോടെ മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ നേരെ അമല ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രി കവാടത്തിന് സമീപം ബസ് നിര്‍ത്തിയെങ്കിലും സുബൈദയുടെ ശരീരം തളര്‍ന്ന നിലയിലായിരുന്നു. 

ഇതോടെ ഡ്രൈവറായ റിബിന്‍ ബസ് അത്യാഹിത വിഭാഗത്തിലേക്ക് കയറ്റി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി.തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ യാത്രക്കാരി അപകടനില തരണം ചെയ്തു. നേരത്തെ ഗുരുവായൂര്‍ ആക്ട്‌സിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു റിബിന്‍. വേതനം പോലും നോക്കാതെ ട്രിപ്പ് മുടക്കി ജീവന്‍ രക്ഷകരായ റിബിന്‍ ബാലന്‍, ഷംസീര്‍ എന്നിവരെ അന്നകരയിലെ നാട്ടുകാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

Content Highlights: Private bus, cardiac arrest patient, Bus employees, private bus service, medical emergency