വരുമാനത്തിന് മദ്യത്തെവിട്ട് മോട്ടോര്‍വാഹന വകുപ്പിനെയാണ് ഇത്തവണ സര്‍ക്കാര്‍ കൂട്ടുപിടിച്ചത്. ഈ നികുതി പരിഷ്‌കരണത്തിലൂടെ 400 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചപ്പോഴും വൈദ്യുതി വാഹനങ്ങളെ കൈയയച്ച് സഹായിച്ചിട്ടുണ്ട്.
വന്‍ നികുതിയിളവാണ് വൈദ്യുതിവാഹനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. വൈദ്യുതിവാഹനങ്ങള്‍ക്ക് വിലകണക്കിലെടുക്കാതെ അഞ്ചുശതമാനമായി നികുതി നിശ്ചയിച്ചു. വിവിധ സ്ലാബുകളിലായി ഏഴു മുതല്‍ 21 ശതമാനംവരെ നികുതി ഈടാക്കിയിരുന്നിടത്താണ് ഇളവ്. ഉദാഹരണത്തിന് 10 ലക്ഷം രൂപ വിലയുള്ള വൈദ്യുതിക്കാറിന് 1.30 ലക്ഷം നികുതി അടയ്‌ക്കേണ്ടിടത്ത് ഇനി അരലക്ഷം രൂപ മതിയാകും.
വൈദ്യുതി ഓട്ടോറിക്ഷയ്ക്ക് ആദ്യത്തെ അഞ്ചുവര്‍ഷത്തേക്ക് നികുതി അടയ്‌ക്കേണ്ടതില്ല. പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 500 രൂപ ഇളവും പിന്‍വലിച്ചു. ഇ-ഓട്ടോകള്‍ക്ക് പെര്‍മിറ്റും ആവശ്യമില്ല.
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബസ്, ലോറി മേഖലയ്ക്കും ഇളവുകളുണ്ട്. നികുതി വര്‍ധനകാരണം അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയ വാഹനങ്ങള്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ബജറ്റിലുണ്ട്.
ബൈക്കിന് മൂവായിരം രൂപയോളം കൂടും
രണ്ടുലക്ഷംവരെ വിലവരുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും പതിനഞ്ച് ലക്ഷംവരെ വരുന്ന കാറുകള്‍ക്ക് രണ്ടുശതമാനവുമാണ് നികുതിവര്‍ധന. 200 കോടി രൂപ അധികവരുമാനമാണ് പ്രതീക്ഷ. അഞ്ചുലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് ഏഴില്‍നിന്നും ഒന്‍പത് ശതമാനമായി നികുതിനിരക്ക് ഉയരും. ഉദാഹരണത്തിന് 4.5 ലക്ഷം രൂപയുടെ ചെറുകാറിന് 31,500 രൂപ നികുതി അടച്ചിരുന്നിടത്ത് 40,500 രൂപ നല്‍കണം.
10 ലക്ഷംവരെയുള്ളവയ്ക്ക് 11 ശതമാനവും 15 ലക്ഷം വരെയുള്ളവയ്ക്ക് 13 ശതമാനവും നികുതി നല്‍കണം. ഇരുചക്രവാഹനങ്ങളുടെ നികുതി ഒരു ലക്ഷത്തില്‍ താഴെ വിലയുള്ളവയ്ക്ക് ഒന്‍പത് ശതമാനമെന്നത് 10 ആയും, രണ്ടുലക്ഷത്തില്‍ താഴെയുള്ളതിന് 12 ശതമാനമായും ഉയരും. സാധാരണക്കാരന്റെ ബൈക്കുകള്‍ക്ക് 3000 രൂപ അധികം നല്‍കേണ്ടിവരും.
വാഹനത്തിന്റെ വില അടിസ്ഥാനമാക്കിയാണ് റോഡ് നികുതി ഈടാക്കുന്നത്. ടി.ഡി.എസ്. വാഹനവിലയ്‌ക്കൊപ്പം പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും ഉടമകള്‍ക്ക് ആശ്വാസമാകും. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ക്കും സ്വകാര്യ ഓട്ടോറിക്ഷകള്‍ക്കും രണ്ടുശതമാനം നികുതിവര്‍ധനയിലൂടെ എട്ടുകോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുകപരിശോധനാകേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീസ് 5000-ല്‍നിന്നും 25,000 ആയി ഉയര്‍ത്തി. ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍ക്കാനുള്ള സൗകര്യം തുടരും.
സ്വകാര്യബസുകള്‍ക്ക് നികുതി ഇളവ്
പുതിയ റൂട്ട് ബസുകളുടെ ത്രൈമാസ നികുതിയില്‍ 3000 രൂപയുടെ കുറവുണ്ടാകും. ബസുകളുടെ തറവിസ്തീര്‍ണം കണക്കാക്കി നികുതി നിശ്ചയിച്ചതിലെ അപാകമാണ് പരിഹരിക്കുന്നത്. മുമ്പ് സീറ്റ് അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത്. ബസ് ബോഡി കോഡ് നിലവില്‍വന്നപ്പോള്‍ തറവിസ്തീര്‍ണം അടിസ്ഥാനമാക്കിയിരുന്നു.
പോണ്ടിച്ചേരിക്കാരെല്ലാം കുഴപ്പക്കാരല്ല
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആഡംബരവാഹനങ്ങളെല്ലാം നികുതിവെട്ടിപ്പുകാരാണെന്ന ധാരണമാറ്റി. ഇവയുടെ രജിസ്ട്രേഷന്‍ സംസ്ഥാനത്തേക്ക് മാറ്റിയാല്‍ നിരത്തിലിറങ്ങിയകാലം മുതല്‍ 15 വര്‍ഷത്തേക്കുള്ള നികുതി അടയ്ക്കണമെന്ന വ്യവസ്ഥയാണ് ഉപേക്ഷിച്ചത്. പോണ്ടിച്ചേരിയില്‍നിന്നു രജിസ്ട്രേഷന്‍ മാറ്റുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദിവസം മുതല്‍ ശേഷിക്കുന്ന കാലത്തേക്കുള്ള നികുതിമാത്രം അടച്ചാല്‍ മതിയാകും. വാഹനത്തിന്റെ വില കണക്കാക്കി നിശ്ചിതശതമാനം നികുതി അടച്ച് സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ മാറ്റാം. പിഴ ഒഴിവാക്കും. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകളിലുള്ള വാഹനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാം
കൂടുതല്‍ ഫാന്‍സി നമ്പറുകള്‍
2016 ജൂലായ് മുതല്‍ 2019 നവംബര്‍വരെ 149 കോടി രൂപയാണ് ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ ലഭിച്ചത്. ഒരുലക്ഷം രൂപമുതല്‍ 3000 രൂപവരെയാണ് ഫാന്‍സി നമ്പറുകളുടെ അടിസ്ഥാനവില. നിലവില്‍ 74 നമ്പറുകളാണ് ഫാന്‍സി വിഭാഗത്തിലുള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത നമ്പറുകള്‍ക്ക് 3000 രൂപയാണ് വില. കൂടുതല്‍ ആവശ്യക്കാരുള്ള 20 നമ്പറുകള്‍കൂടി ഫാന്‍സി പട്ടികയില്‍ ഇടംപിടിക്കും. ഇവയ്ക്ക് 25,000 മുതല്‍ 10,000 രൂപവരെ അടിസ്ഥാനവില നിശ്ചയിക്കും.
സ്‌കൂള്‍ബസ് ചാര്‍ജ് ഉയരും
സ്വകാര്യസ്‌കൂള്‍ ബസുകളുടെ റോഡ് നികുതി വര്‍ധിപ്പിച്ചതിനാല്‍ സ്‌കൂള്‍ ബസ് ചാര്‍ജ് ഉയര്‍ന്നേക്കും. 29,552 അംഗീകൃത സ്‌കൂള്‍ വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 80 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളുടേതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് വര്‍ധന ബാധകമല്ല. 20 സീറ്റുകള്‍ക്ക് താഴെയുള്ള ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് 1000 രൂപയാണ് പുതുക്കിയ നിരക്ക്. മുമ്പ് 500 രൂപയായിരുന്നു. 20 സീറ്റിനു മുകളിലുള്ളവയ്ക്ക് സീറ്റൊന്നിന് 100 രൂപവീതം അടയ്ക്കണം. നിലവില്‍ 1000 രൂപയായിരുന്നു. ആറുകോടി രൂപയാണ് അധികമായി പ്രതീക്ഷിക്കുന്നത്.
പരസ്യവാടക ഇനി മാസക്കണക്കില്‍
പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിനുള്ള കുറഞ്ഞ കാലാവധി ഒരുമാസമായി നിശ്ചയിച്ചു. 100 സ്‌ക്വയര്‍ഫീറ്റിന് അഞ്ചുരൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 10 രൂപയുമാണ് നിരക്ക്.
നികുതി അടച്ചിട്ട് മതി ടെസ്റ്റ് ഡ്രൈവ്
റോഡ് നികുതി അടയ്ക്കാതെ പുതിയ കാറുകള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാറുള്ള ഡീലര്‍മാര്‍ക്കും പിടിവീണു. ടെസ്റ്റ് ഡ്രൈവ് വാഹനങ്ങള്‍ എന്നപേരില്‍ രജിസ്ട്രര്‍ ചെയ്യാതെ വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം ഡീലര്‍മാര്‍ക്കുണ്ടായിരുന്നു. ഈ വാഹനങ്ങള്‍ വില അടിസ്ഥാനമാക്കി ഒരുവര്‍ഷത്തെ നികുതി അടയ്‌ക്കേണ്ടിവരും. ആഡംബരവാഹനങ്ങള്‍ക്ക് 21 ശതമാനമാണ് നികുതി.
നികുതി പേടിച്ചോടിയവര്‍ക്ക് തിരിച്ചുവരാം
സംസ്ഥാനത്തെ നികുതി പേടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് രജിസ്ട്രേഷന്‍മാറ്റിയ മള്‍ട്ടി ആക്സില്‍ ലോറികള്‍ തിരിച്ചെത്തിക്കാനാണിത്. 25 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 14,000 രൂപ ടാക്സ് അടയ്‌ക്കേണ്ട ലോറിക്ക് 3500 രൂപ ഇളവ് ലഭിക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ നികുതി ഇളവ് പ്രതീക്ഷിച്ച് പോയവരെ തിരിച്ചെത്തിക്കാനാണ് ശ്രമം.
Content Highlights: Price Hike For Bike and Car; Tax Reduction For Electric Auto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..