രാജ്യം വൈദ്യുതവാഹനങ്ങളിലേക്കു നീങ്ങേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി സാമ്പത്തികസര്‍വേ. ഇതിനായി വൈദ്യുതവാഹനങ്ങളുടെ വിലയും പരിപാലനച്ചെലവും കുറയ്ക്കാനും അവയെ ആകര്‍ഷകമാക്കാനും നയപരിപാടികള്‍ ആവശ്യമാണെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സര്‍വേയില്‍ വ്യക്തമാക്കി.

മറ്റുവാഹനങ്ങളില്‍നിന്ന് ഇ-വാഹനങ്ങളിലേക്കു മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന നയപരിപാടികളുണ്ടാകണം. ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവാണ് ഇ-വാഹനങ്ങള്‍ നേരിടുന്ന മുഖ്യപ്രശ്‌നം. രാജ്യത്താകെ ഒരേ മാനദണ്ഡത്തില്‍ ചാര്‍ജിങ് സംവിധാനമൊരുക്കണം. ആവശ്യത്തിനു ചാര്‍ജിങ് പോയിന്റുകള്‍ തയ്യാറാക്കണം.

വരുംതലമുറയുടെ യാത്രാസംവിധാനമായി ഇ-വാഹനങ്ങള്‍ മാറുമെന്നിരിക്കെ ഇന്ത്യയില്‍ ആകെ വാഹനങ്ങളുടെ 0.06 ശതമാനമേ അവയുള്ളൂ. അതേസമയം, നോര്‍വെയില്‍ 39 ശതമാനവും ചൈനയില്‍ രണ്ടുശതമാനവും ഇ-വാഹനങ്ങളാണ്. 

ഇന്ത്യയെ വൈദ്യുതവാഹന നിര്‍മാണകേന്ദ്രമാക്കാന്‍ നയം വേണം. പരിസ്ഥിതി സൗഹാര്‍ദമാണെന്നതുകൊണ്ടുതന്നെ മൊത്തത്തിലുള്ള പരിപാലനച്ചെലവുകൂടി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാവണം നയം -സര്‍വേ നിര്‍ദേശിക്കുന്നു.

Content Highlights: Price And Maintenance Cost Reduce For Electric Cars