2022-ല്‍ നടക്കേണ്ട ഇന്ത്യയുടെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ നീട്ടി വയ്ക്കുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചു. കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഓട്ടോ എക്‌സ്‌പോ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. 

വാഹന മേഖലയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയായാണ് ഓട്ടോ എക്‌സ്‌പോയെ കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയാണിതെന്നും അതിനാല്‍ തന്നെ വൈറസ് വ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നുള്ളതും പരിഗണിച്ചാണ് സിയാം ഈ സുപ്രധാന തീരുമാനം സ്വീകരിച്ചിട്ടുള്ളതെന്നുമാണ് വിവരം. വാഹന നിര്‍മാതാക്കലും ഇതിന് പിന്തുണ നല്‍കിയേക്കും.

2022 ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ഓട്ടോ എക്‌സ്‌പോ നടത്തുമെന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മറ്റൊരു തീയതി പ്രഖ്യാപിക്കാനും സാധിക്കില്ലെന്നാണ് വിവരങ്ങള്‍. 

മൂന്നാം തരംഗത്തെ കുറിച്ച് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളും സിയാമും ഒരു പോലെ ആശങ്കാകുലരാണ്. അതുകൊണ്ട് തന്നെ ഓട്ടോ എക്‌സ്‌പോ പോലുള്ള പരിപാടി സംഘടിപ്പിക്കുന്നതില്‍ വലിയ അപകട സാധ്യതയാണുള്ളത്. സാമൂഹിക അകലം പോലുള്ള സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലുമുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സിയാം അറിയിച്ചു.

2020 ഫെബ്രുവരിയാണ് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചത്. ഇതിനുമുമ്പ് തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ തന്നെ ഇത് മാറ്റിവയ്ക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആ കലഘട്ടത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാതിരുന്നതിനാല്‍ പ്രദര്‍ശനം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. 

Content Highlights: Postponement of Delhi Auto Expo– The Motor Show 2022