വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് 'റിജക്ഷന്‍ സ്ലിപ്' നല്‍കാനും പദ്ധതിയുണ്ട്.

പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. വാഹന ഉടമയുടെ ഫോണ്‍നമ്പര്‍, വിലാസം, വാഹനത്തിന്റെ എന്‍ജിന്‍ നമ്പര്‍, ഷാസി നമ്പര്‍ എന്നിവ രഹസ്യമാക്കിവെക്കും. എന്‍ജിന്‍, ഷാസി നമ്പറുകളുടെ അവസാന നാലക്കംമാത്രമേ പരസ്യമാക്കൂ.

വാഹനങ്ങള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തോന്നിയാല്‍ രേഖാമൂലമോ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പി.യു.സി. കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടാം. 

വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയില്‍ പരാജയപ്പെടുകയോ ചെയ്താല്‍ പിഴയൊടുക്കാന്‍ വാഹനയുടമ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം സാധുതയുള്ള പി.യു.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനത്തിന്റെ രജിസ്ട്രേഷന്‍, പെര്‍മിറ്റുകള്‍ എന്നിവ റദ്ദാക്കാനാവും.

Content Highlights: Pollution Under Control Certificate, Vehicle Pollution Certificate