പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) കാണിക്കണമെന്ന് ഡല്‍ഹി ഗതാഗത വകുപ്പ്. തണുപ്പ് കാലത്തിന് മുന്നോടിയായി ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

കാലാവധിയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കുന്നതിനെതിരേ പ്രചാരണ പരിപാടി നടത്തുന്നുണ്ട്. പെട്രോള്‍ പമ്പുകളില്‍ അമ്പത് സംഘങ്ങളെ ഗതാഗതവകുപ്പ് നിയോഗിക്കും. 

ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കാനാണിത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തുന്നതിന് പകരം ആദ്യഘട്ടത്തില്‍ അവരെ പുക പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമത്തിലെ 190(2) വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം. മൂന്ന് മാസത്തേയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്.

Content Highlights: Pollution Under Control Certificate, Pollution Certificate, Delhi Government, Fuel Filling