പോലീസ് മുന്നറിയിപ്പ് | Photo: Facebook|Kerala Police
ഓണ്‍ലൈന്‍ ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതോടെ വ്യാജന്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ ഫാസ്റ്റാഗ് എടുക്കുന്നവരെയാണ് ഓണ്‍ലൈന്‍ ചതിക്കുഴികള്‍ കാത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്.
നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് എന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ്റ്റാഗ് വില്‍പ്പനക്കാര്‍ തട്ടിപ്പുമായി എത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഫാസ്റ്റാഗ് തട്ടിപ്പുകളെ കുറിച്ച് നാഷണല്‍ ഹൈവേ അതോറി മുമ്പ് പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
സാക്ഷാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന വിധത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈനിലുള്ള വ്യാജ ഫാസ്റ്റാഗുകള്‍ വിലസുന്നത്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് എന്ന തരത്തില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇവര്‍ അയച്ച് കൊടുക്കുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടാണ് കെണിയില്‍ പെടുത്തുന്നത്.
ഓണ്‍ലൈനായി ഫാസ്റ്റാഗ് എടുക്കുന്നവര്‍ ഫാസ്റ്റാഗിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി എന്‍.എം.എച്ച്.ഐയുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കാത്ത ഉപയോക്താക്കള്‍ക്ക് ഫാസ്റ്റാഗ് വിതരണം ചെയ്യുന്നതിന് അനുമതി നേടിയിട്ടുള്ള ബാങ്കുകള്‍, ഇതിനായുള്ള ഏജന്‍സികള്‍ എന്നിവയിലൂടെ ഫാസ്റ്റാഗ് നേടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനത്തില്‍ ഫാസ്റ്റാഗ് നല്‍കിയാണ് എത്തുന്നത്.
Content Highlights: Police Waring On Fastag Cheating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..