അംഗീകൃത ആംബുലന്‍സുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനും ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങില്‍ മൂന്നുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കുമാത്രമേ അനുമതി നല്‍കുകയുള്ളൂ. 

ആംബുലന്‍സുകളെ മൂന്നായി തരംതിരിച്ച് അംഗീകൃത നിരക്ക് ഏര്‍പ്പെടുത്തും. ആംബുലന്‍സ് സര്‍വീസിലെ പോരായ്മകള്‍ പരിഹരിക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അനധികൃത ആംബുലന്‍സുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 

അംഗീകൃത ഡിസൈനും നിറവും ലൈറ്റും സൈറണും ഹോണും മാത്രമേ ഉപയോഗിക്കാവൂ. പ്രഥമശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗനിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനംനല്‍കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത് കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍, ഡോ. ശ്രീജിത്ത് എം. കുമാര്‍, ആംബുലന്‍സ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികള്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Police verification and three year experience for ambulance drivers, identification number for ambulance