പ്രതീകാത്മക ചിത്രം | Photo: ANI
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, മുഖാവരണം ധരിക്കാതിരിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലേര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി. ആറാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണം.
പോലീസ് ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചുകൊണ്ട് മാതൃക കാണിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന് ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റേതൊരു പൗരനെയുംപോലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും പറഞ്ഞു.
ആഭ്യന്തരമന്ത്രാലയം ഒട്ടേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും നിയമലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 2021 ഓഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘത്തിലെ പോലീസുകാര്‍ മുഖാവരണവും ഹെല്‍മെറ്റും ധരിക്കാതെ തന്നോട് മോശമായി പെരുമാറിയെന്നാണ് അഭിഭാഷകനുമായ ഷാലെന്‍ ഭരദ്വാജിന്റെ പരാതി.
മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരെ മുഖാവരണം ധരിക്കാതെ കണ്ടെത്തിയെങ്കിലും അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തി, താക്കീത് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും പോലീസിനെ പ്രതിനിധാനംചെയ്ത അഭിഭാഷകന്‍ സമ്മതിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം
കോവിഡ് അനുയോജ്യമായ പെരുമാറ്റം പിന്തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഡല്‍ഹി പോലീസ് ഉത്തരവിറക്കി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഡല്‍ഹി പോലീസിന്റെ ഔദ്യോഗികവക്താവ് സുമന്‍ നാല്‍വ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..