ഷൊര്‍ണൂര്‍: പോലീസ് സ്റ്റേഷന് മാസങ്ങള്‍ക്കുമുമ്പ് അനുവദിച്ച ജീപ്പും കട്ടപ്പുറത്തായി. ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് ജീപ്പ് നിരത്തിലിറക്കാന്‍ കഴിയാതായത്. ഒരാഴ്ചമുമ്പ് വരെയായിരുന്നു ഇന്‍ഷുറന്‍സ് കാലാവധി.

ഇപ്പോള്‍ ഇടക്കിടെ പാതിവഴിയില്‍ നില്‍ക്കുന്ന പഴയ ജീപ്പ് തന്നെയാണ് ആശ്രയം. ഈ ജീപ്പ് മന്ത്രിമാരുള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് സുരക്ഷാവാഹനമായി പോകുമ്പോള്‍ കേടായി നിന്നിരുന്നു. 

മാത്രമല്ല, ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള രണ്ടരലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞതുമാണ്. ഇതെല്ലാം പരിഗണിച്ചാണ് ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് അനുവദിച്ചത്.

അനുവദിച്ച ജീപ്പില്‍ പുതിയ സാങ്കേതികസംവിധാനങ്ങളൊന്നുമില്ലെങ്കിലും വഴിയില്‍ നില്‍ക്കില്ലെന്നായിരുന്നു പ്രതീക്ഷ. സ്റ്റേഷന്‍ നവീകരിച്ച് മോടി പിടിപ്പിച്ച് ജില്ലയിലെ തന്നെ മികച്ച സ്റ്റേഷനാക്കി. 

എന്നാല്‍, പോലീസ് പുറത്തിറങ്ങിയാല്‍ വഴിയില്‍ കുടുങ്ങും. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമതലയുള്ള സ്റ്റേഷനിലാണ് അത്യാവശ്യത്തിന് പോലും ജീപ്പില്ലാത്ത അവസ്ഥ.

Content Highlights: Police Jeep Insurance Not Paid