രുചക്രവാഹനങ്ങള്‍ക്ക് കണ്ണാടിയില്ലെങ്കില്‍ 500 രൂപ പിഴയീടാക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. ഇന്‍ഡിക്കേറ്ററിടാതെ ലെയ്ന്‍മാറിയാലും വളവുകളില്‍ ഇന്‍ഡിക്കേറ്ററിടാതിരുന്നാലും 500 രൂപ പിഴയീടാക്കും. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കണ്ണാടിയില്ലാത്തതിനാല്‍ പുറകില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്‍ഡിക്കേറ്ററിടാതെ ഇരുചക്രവാഹനങ്ങള്‍ വെട്ടിത്തിരിക്കുന്ന സ്വഭാവവും അപകടമുണ്ടാക്കുന്നു.

നഗരത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഇതോടെയാണ് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ട്രാഫിക് പോലീസ് തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമുണ്ട്. പ്രധാന റോഡുകള്‍ക്കുപുറമേ ഇടറോഡുകളിലും പരിശോധന കര്‍ശനമാക്കും. 

വലിയൊരു ഭാഗം അപകടങ്ങളും നടക്കുന്നത് ഇടറോഡുകളിലാണ്. ഇത്തരം റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ പരിശോധയുണ്ടാകില്ലെന്ന ധാരണയില്‍ ഹെല്‍മെറ്റും വെക്കാറില്ല. ഒരുവര്‍ഷത്തിനുള്ളില്‍ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്. നിലവില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കുന്നുണ്ട്.

Content Highlights: Police impose 500 Rupees Penalty To Mirrorless Two Wheelers