പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പോലീസുകാരനോട് സീറ്റ് ബെല്‍റ്റിടാന്‍ ആവശ്യപ്പെട്ട യുവാവിനെതിരേ പരാതി. പോലീസ് വാഹനം തടഞ്ഞെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും കാണിച്ച് കൊല്ലം സ്വദേശി അനീഷാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസടുക്കാനും സാധ്യതയുണ്ട്‌.

ഓഗസ്റ്റ് 15-നാണ് സംഭവം നടക്കുന്നത്. പോലീസ് വാഹനത്തിന് പിന്നാലെ ബൈക്കിലെത്തിയ യുവാവ് പോലീസ് ഡ്രൈവറോട് സീറ്റ് ബെല്‍റ്റ് ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് സീറ്റ് ബെല്‍റ്റിടാതെ പോലീസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിന്റെയും അത് ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോ അയാള്‍ ചത്രീകരിച്ചിരുന്നു.

സീറ്റ് ബെല്‍റ്റൊക്കെ ഇടാം സാറെ എന്നാണ് ബൈക്കിലെത്തിയ യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, ബെല്‍റ്റിടാതിരുന്നാല്‍ തനിക്കെന്താണെന്നായിരുന്നു പോലീസുകാരന്റെ മറുപടി. സാധാരണക്കാരന്‍ ബെല്‍റ്റിടാതിരുന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യുകയെന്ന് ചോദിച്ച് യുവാവ് പോലീസ് വാഹനത്തിന് കുറകെ ബൈക്ക് നിര്‍ത്തുകയായിരുന്നു.

ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അനീഷ് പരാതി നല്‍കിയിരിക്കുന്നത്. പോലീസിന്റെ വാഹനം തടഞ്ഞതിലൂടെ ഇയാള്‍ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും നിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഇതിനുപുറമെ, വാഹനം തടഞ്ഞ ജിതിന്‍ നായര്‍ ഇത് ക്യാമറയില്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിലൂടെ പോലീസ് സേനയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ ജിതിന്റെ വാഹനം സംബന്ധിച്ച വിവരങ്ങളും നല്‍കിയിട്ടുണ്ട്.

പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് ഡ്രൈവറിനോട് സീറ്റ് ബെല്‍റ്റിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍ സീറ്റ് ബെല്‍റ്റിട്ട ശേഷമാണ് വാഹനവുമായി പോയത്. എന്നാല്‍, പിന്നീട് യുവാവിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. 

അരൂര്‍ പോലീസ് സ്‌റ്റേഷനിലെ കെ.എല്‍.01.കെ.ആര്‍.9471 എന്ന പോലീസ് വാഹനമാണ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിച്ചത്. ഡ്യൂക്ക് ബൈക്കിലെത്തിയ യുവാവ് ആലപ്പുഴ കളക്ടേറ്റിന് സമീപത്തുവെച്ചാണ് പോലീസ് വാഹനം തടഞ്ഞത്. 

Content Highlights: Police Got Complaint Against The Man Who Block Police Vehicle