പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കുറ്റകൃത്യങ്ങളില്‍ കണ്ടുകെട്ടിയ ഏകദേശം 28,000 വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും കോടതികളിലുംകിടന്ന് തുരുമ്പെടുത്തുനശിക്കുന്നു. ഈ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അനാസ്ഥയും നൂലാമാലകളുംകാരണം വില്‍പ്പന വൈകുന്നു. വൈകുന്തോറും വിലകുറയുമെന്നതിനാല് ഈ കാലതാമസം സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്നു.
നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് ഇവ ഉടന്‍ വിറ്റഴിക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉദ്യോഗസ്ഥര്‍ക്ക് കര്ശനനിര്ദേശംനല്കി. വിറ്റഴിക്കല്‍ സുഗമമാക്കാന്‍ നടപടികള്‍ ഉദാരമാക്കി ധനവകുപ്പ് ഉത്തരവും ഇറക്കി. 28,000 വാഹനങ്ങളാണുള്ളതെന്നത് ഏകദേശകണക്കാണ്. പിടിച്ചെടുത്തവയും ഉപേക്ഷിക്കപ്പെട്ടവയുമുണ്ട്. കൃത്യമായ കണക്ക് വകുപ്പുകള്‍ക്കില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്നുമാസംമുതല്‍ ആറുമാസത്തിനകം എല്ലാ വകുപ്പുകളും വിറ്റഴിക്കണമെന്നും വകുപ്പുകളുടെ അവലോകനയോഗത്തില്‍ തീരുമാനമായി.
പോലീസ് വിറ്റത് 14,000 വാഹനങ്ങള്‍
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ചീഫ് സെക്രട്ടറി നടത്തിയ അവലോകനയോഗത്തിന്റെ കണക്കനുസരിച്ച് ഏകദേശം 30,200 വാഹനങ്ങളാണ് പോലീസിന്റെമാത്രം കൈവശമുണ്ടായിരുന്നത്. ഇതില്‍ 14,000 വിറ്റഴിച്ചു. ഈ വര്‍ഷം ഇതുവരെ കിട്ടിയത് 3.89 കോടി രൂപ. എന്നാല്‍, മറ്റുവകുപ്പുകള്‍ക്ക് മാസം ശരാശരി 500 വാഹനങ്ങള്‍ വിറ്റഴിക്കാനേ സാധിക്കുന്നുള്ളൂ. സെപ്റ്റംബറില്‍ പോലീസ് ഒഴികെയുള്ള വകുപ്പുകള്‍ക്ക് കിട്ടിയത് ഏകദേശം 80 ലക്ഷം രൂപമാത്രമാണ്.
കേസില്‍പ്പെട്ട വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കോടതിയില്‍നിന്നുള്ള അനുമതി വൈകുന്നുവെന്നാണ് വകുപ്പുകളുടെ വാദം. എന്നാല്‍, കോടതിയെ സമീപിക്കുന്നതില്‍ വകുപ്പുകള്‍ക്കും വേഗമില്ല. സെപ്റ്റംബറില്‍ വെറും 227 വാഹനങ്ങള്‍ വിട്ടുകിട്ടാന്മാത്രമാണ് പോലീസ് ഒഴികെയുള്ള വകുപ്പുകള്‍ കോടതികളെ സമീപിച്ചത്. കോടതികള്‍ അനുമതിനല്‍കിയത് 140 കേസുകളില്‍ മാത്രം.
വര്‍ക്ഷോപ്പിന് മുന്നിലെ വാഹനക്കൂമ്പാരത്തിനും പിഴ
വാഹന വര്‍ക്ഷോപ്പുകള്‍ക്ക് മുന്നില്‍ പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടാല്‍ ആദ്യം പിഴയീടാക്കും. അതിലും പരിഹാരമായില്ലെങ്കില്‍ പിടിച്ചെടുക്കും. ഇതിനായി ഭൂസംരക്ഷണം ഉള്‍പ്പടെയുള്ള ചട്ടങ്ങള്‍ പ്രയോഗിക്കാനും റവന്യൂ, മരാമത്ത് വകുപ്പുകളെ ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തി.
Content Highlights: police custody vehicles rusting, About 28,000 vehicles confiscated during crimes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..