വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. 

ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ പോലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജി. മാര്‍ക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ട ശേഷം അത്തരം വാഹനങ്ങള്‍ ഉടന്‍ വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണം. 

പോലീസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന പാതകളുടെ വശത്ത് പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇതു താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നീക്കംചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ നിയമപ്രശ്‌നമുള്ള പക്ഷം, റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ അങ്ങോട്ടു മാറ്റേണ്ടതാണ്. ജില്ലാ കളക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ ഈ മാതൃക നടപ്പാക്കിവരുന്നു.

എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സമീപത്തെ റോഡുകളില്‍ പാര്‍ക്ക് ചെയ്ത ഇത്തരം വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാന്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Police Custody Vehicle, Vehicle Dumped On Road Side, DGP Loknath Behera