ട്രാഫിക് നിയമ ലംഘനങ്ങളേക്കാള്‍ പോലീസിന് തലവേദനയാകുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ ചില യുവാക്കാള്‍ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളാണ്. വാഹനമുപയോഗിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന അഭ്യാസങ്ങളാണ് പലരും കാട്ടികൂട്ടുന്നത്. പിടിയിലാകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കുറച്ച് ലൈക്ക് അധികം കിട്ടുന്നതിന് വേണ്ടി ചെയ്തതാണെന്ന സ്ഥിരം പല്ലവിയും. ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറി ഇരുന്ന് സെല്‍ഫി എടുത്ത യുവാക്കളെയാണ് ഏറ്റവുമൊടുവില്‍ പോലീസ് പിടികൂടിയിരിക്കുന്നത്. ഇവര്‍ എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു, ഇതോടെ ഫിറോസാബാദ് പോലീസ് ഈ രണ്ട് യുവാക്കളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. 7500 രൂപയാണ് പോലീസ് ഇവരില്‍ നിന്ന് പിഴ ഈടാക്കിയത്.

തിരക്കുള്ള റോഡിലൂടെ സഞ്ചരിക്കുന്ന മാരുതി എര്‍ട്ടിഗയുടെ ബോണറ്റില്‍ കയറി ഇരുന്നായിരുന്നു ഇവരുടെ സെല്‍ഫി. വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പോലീസ് ഇതിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ബോണറ്റില്‍ ഇരുന്ന യുവാക്കളുടെയും വാഹനമോടിച്ച വ്യക്തിയുടെയും പേര് വിവരങ്ങള്‍ കണ്ടെത്തിയാണ് നടപടി എടുത്തത്. റോഹിത് കുമാര്‍, സന്ദീപ് കുമാര്‍ എന്നിവരാണ് ബോണറ്റിലെ യാത്രക്കാര്‍. അജയ് ദിവാകര്‍ എന്ന യുവാവാണ് വാഹനമോടിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. 

അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, പൊതുനിരത്തിലെ വാഹന അഭ്യാസം, സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയുള്ള ഡ്രൈവിങ്ങ് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഈ വാഹന ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്ന് 7500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും ഫിറോസാബാദ് പോലീസ് അറിയിച്ചു. കൃത്യമായ ഗതാഗത നിയമലംഘനമാണ് ഈ യുവാക്കള്‍ നടത്തിയിരിക്കുന്നതെന്നും പോലീസ് മേധാവി അഭിപ്രായപ്പെട്ടു. '

Source: The Times Of India

Content Highlights: Police Catch Youngsters For Taking Selfie In Moving Car