ദ്യപിച്ച് വാഹനമോടിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ഗുരുതരമായ ലംഘനമായാണ് കണക്കാക്കുന്നത്. 10,000 രൂപ വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുന്നതിനൊപ്പം ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി വരെ ഇത്തരം നിയമലംഘകര്‍ക്കെതിരേ സ്വീകരിക്കാറുണ്ട്. എന്നാല്‍, മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളുടെ വാഹനം പിടിച്ചെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന വിധിയാണ് തെലങ്കാന ഹൈക്കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 

പോലീസ് പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഈ വാഹനം പിടിച്ചെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. പകരം മദ്യപിച്ച ആളുടെയൊപ്പമുള്ള മദ്യപിക്കാത്ത ആളെ വാഹനമോടിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. തെലങ്കാന ഹൈക്കോടതി ജഡ്ജിയായ ലക്ഷ്മണയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്തതും വാഹനം തിരികെ ലഭിക്കാന്‍ കാലത്താമസം നേരിടുന്നതുമായ വാഹനങ്ങളുടെ ഉടമകളാണ് പോലീസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ പരാതി പരിഗണിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ വ്യക്തിയെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

മദ്യപിച്ചയാള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍, പോലീസ് അയാളുടെ ബന്ധുകളെയോ സുഹൃത്തുകളേയോ വിവരം അറിയിക്കണം. ഇവരുടെ കൈവശം മാത്രമേ വാഹനം നല്‍കാന്‍ പാടുള്ളൂ. ഇതും സാധ്യമാകാത്തെ കേസുകളില്‍ മാത്രമായിരിക്കണം വാഹനം ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റാനെന്നും, പിന്നീട് വാഹനത്തിന്റെ ഉടമയ്‌ക്കോ ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കോ ഈ വാഹനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlights: Police Can't Seize Drunk Driver's Vehicle Says High Court, Drunk N Drive