അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല വാഹനപരിശോധനയ്ക്ക് പോലീസ്-മോട്ടോര്‍വാഹനവകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കും. മാര്‍ച്ച് മുതല്‍ ഇരുസംഘവും ഒരുമിച്ച് വാഹനപരിശോധന നടത്തും.
നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ രണ്ടുഡ്രൈവര്‍മാരെ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കും. ഹൈവേ പട്രോളിങ് ശക്തമാക്കും. കണ്ടെയ്നര്‍ ലോറികളില്‍ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കും. ഇതിനായി തൊഴില്‍വകുപ്പിന്റെ കീഴില്‍ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചു.
ലേബര്‍, ട്രാന്‍സ്‌പോര്‍ട്ട്, റോഡ് സേഫ്റ്റി കമ്മിഷണര്‍മാരാണ് സമിതിയിലുള്ളത്. വാഹനത്തില്‍ ലോഗ് ബുക്ക് സൂക്ഷിക്കുന്നതുള്‍പ്പെടെ നിയമവിധേയമാക്കും. ഡ്രൈവര്‍മാര്‍ വാഹനമോടിക്കാന്‍ കയറുമ്പോള്‍ ഓഡോമീറ്റര്‍ രേഖപ്പെടുത്തി വാഹനത്തില്‍ സൂക്ഷിക്കണം. വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കും.
ജി.പി.എസും ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന ഡ്രൈവര്‍ യൂസര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സി ഡാക്കിനെ ചുമതലപ്പെടുത്തും. ചിപ്പ് ഘടിപ്പിച്ച ഡ്രൈവിങ് ലൈസന്‍സ് വാഹനത്തിലെ ജി.പി.എസുമായി ബന്ധിപ്പിക്കും. എട്ടുമണിക്കൂറിലധികം തുടര്‍ച്ചയായി വാഹനമോടിച്ചാല്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.
കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ ക്രൂ ചെയ്ഞ്ച് സംവിധാനം ഏര്‍പ്പെടുത്തും. ഡിപ്പോകളില്‍ വിശ്രമസൗകര്യം ഒരുക്കും. ദീര്‍ഘദൂരബസുകളില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കും. ചെക്ക് റിപ്പോര്‍ട്ടുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ വെര്‍ച്വല്‍ കോര്‍ട്ട് സംവിധാനമൊരുക്കും. ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ച് പിഴവിധിക്കും.
ലോറി ഡ്രൈവര്‍മാര്‍ക്ക് ദേശീയപാതകളില്‍ വിശ്രമസൗകര്യമൊരുക്കും. ഇതിന് സ്ഥലംകണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ സഹായംതേടും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മിഷണര്‍ ശങ്കര്‍റെഡ്ഡി, തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Police And Motor Vehicle Department Checking To Ensure Dual Driver In NP Truck
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..