പിക്കപ്പ് ചെറുഭാരവണ്ടികളില്‍ രൂപമാറ്റം വരുത്തി പാറമടകളില്‍ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. വാഹനത്തിന്റെ പിന്‍ഭാഗം ടിപ്പര്‍ പോലെ ഉയര്‍ത്താനും താഴ്ത്താനുമായി ഹൈഡ്രോളിക് എക്സ്ട്രാ ടിപ്പിങ് മെക്കാനിസത്തിലൂടെ മാറ്റം വരുത്തിയിരിക്കുന്നതായി കണ്ടെത്തി. പാറമടകളില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് പാറമണല്‍ കൊണ്ടുപോകുന്നതിനാണ് ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത്. 

രൂപമാറ്റം വരുത്തിയ പിക്കപ്പിന്റെ വരവോടെ പ്രദേശത്തെ ചെറു ഭാരവണ്ടികള്‍ക്ക് ഓട്ടം കുറയുകയും ചെയ്തു. ലോഡ് ഇറക്കാന്‍ തൊഴിലാളികളുടെ ആവശ്യം ഇല്ലാത്തത് ചെലവും കുറച്ചു. കോതമംഗലത്തും സമീപ പ്രദേശമായ കലൂര്‍, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ പാറമടകളിലും ക്വാറികളിലും ഇത്തരത്തിലുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതായി ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തിയത്. അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസെടുത്തു. ഇത്തരത്തില്‍ കോതമംഗലം പ്രദേശത്ത് 25-ലധികം വാഹനങ്ങള്‍ ഓടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തി കൊടുക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരേയും നിയമനടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

രൂപമാറ്റം വരുത്തിയ വാഹനത്തിന് ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കുകയും ടിപ്പിങ് മെക്കാനിസം മാറ്റി വാഹനം പൂര്‍വാവസ്ഥയിലാക്കി പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിര്‍ദേശവും നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം. രാജേഷ്, കെ.എം. നജീബ്, ഡ്രൈവര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Content Highlights: Pick up modified as tipper using hydraulic system caught motor vehicle department , MVD Kerala