ഫിലിപ്പീന്‍സില്‍ കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാധാരണയായി കാറുകളിലെ ഡാഷ്‌ബോര്‍ഡിലും റിയര്‍ വ്യൂ മിററിലും ദൈവ വിശ്വാസത്തിന്റെ ഭാഗമായി സ്ഥാപിക്കാറുള്ള രുദ്രാക്ഷം, കൊന്ത, ജപമാല എന്നിവ നീക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് തടയിട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. 

ഇത്തരം മതചിഹ്നങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്ന് കണ്ടാണ് വിലക്ക്. ഇതിനൊപ്പം ഡ്രൈവിങിനിടയില്‍ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവയും നിരോധിച്ചതായി നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് എയ്‌ലീന്‍ ലിസാദ വ്യക്തമാക്കി. ഫിലിപ്പീന്‍സിലെ വിവിധ കത്തോലിക്ക സഭകളും ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജനസംഖ്യയുള്ള ഫിലിപ്പീന്‍സില്‍ 80 ശതമാനം ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.