
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഡല്‍ഹിയിലെ വാഹന ഉടമകള്‍ക്ക് തങ്ങളുടെ പഴയ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കിമാറ്റാന്‍ ഗതാഗതവകുപ്പ് അവസരമൊരുക്കുന്നു. പഴയ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഇ-വാഹനങ്ങളാക്കി മാറ്റുന്ന 'റീട്രോഫിറ്റ് സെന്ററുകള്‍' (പ്രത്യേക വര്ക്ഷോപ്പുകള്) സ്ഥാപിക്കാനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. പത്ത് സെന്ററുകളാകും സര്‍ക്കാര്‍ നഗരത്തില്‍ സ്ഥാപിക്കുക.
സാധാരണ വാഹനം ഇ-വാഹനമാക്കി മാറ്റുന്നതിന് പരിശീലനം ലഭിച്ച സാങ്കേതികവിദഗ്ധര്‍ സെന്ററുകളിലുണ്ടായിരിക്കും. കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഇന്സ്റ്റാളര് വാഹനത്തിന്റെ ഫിറ്റ്നസ് വിലയിരുത്തുകയും വാഹന ഉടമയോട് ഇക്കാര്യം വിശദീകരിക്കുകയും അവരുടെ രേഖാമൂലമുള്ള സമ്മതം തേടുകയും വേണം. ഉടമകള്‍ക്ക് പഴയ വാഹനവുമായെത്തി ഇ-വാഹനമാക്കി മടങ്ങാം.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് സെന്ററുകളില്‍നിന്ന് നടത്തിനല്‍കും. വാഹനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച രേഖകളും ഉടമ സൂക്ഷിക്കണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഒന്നരലക്ഷത്തോളം ഡീസല്‍ വാഹനങ്ങള്‍ നഗരത്തിലുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെ എണ്ണം 28 ലക്ഷത്തിലേറെയാണ്.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം അനുസരിച്ച്, 2022 ജനുവരി ഒന്നിന് 10 വര്‍ഷം തികയുന്ന എല്ലാ ഡീസല്‍ വാഹനങ്ങളുടെയും രജിസ്ട്രേഷന് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനായി അത്തരം വാഹനങ്ങള്‍ക്ക് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഡല്‍ഹി എന്‍.സി.ആറില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും രജിസ്ട്രേഷനും ഓടുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എന്‍.ജി.ടി. നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
അഞ്ചുലക്ഷംവരെ ചെലവ്
പഴയ ഡീസല്‍, പെട്രോള്‍ കാറുകളും ഫോര്‍വീലറുകളും ഇ -വാഹനമാക്കാന്‍ ബാറ്ററി കപ്പാസിറ്റിയും റേഞ്ചും അനുസരിച്ച് മൂന്ന്-അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്ന് ഓട്ടോമൊബൈല്‍ വിദഗ്ധര്‍ പറഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ റിട്രോഫിറ്റിങ്ങിന് ചെലവ് കുറവാണ്.
Content Highlights: Petrol-Diesel vehicle can converts into Electric; Electric Vehicles, Delhi Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..