ന്യൂഡല്‍ഹി: വൈദ്യുതിവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പെട്രോള്‍ പമ്പുകളില്‍ റീച്ചാര്‍ജ് സൗകര്യം, ബാറ്ററി നിര്‍മാണമേഖലയില്‍ വന്‍നിക്ഷേപം ഉള്‍പ്പെടെ വിപുലപദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.

2023-ഓടെ വൈദ്യുതിമുച്ചക്ര വാഹനങ്ങളും 2025-ഓടെ 150 സി.സി.വരെ എന്‍ജിന്‍ ശേഷിയുള്ള വൈദ്യുതി ബൈക്കുകളും മാത്രം വിപണിയിലിറക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. വാഹനവ്യവസായമേഖലയിലെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. തീരുമാനം അസമയത്തുള്ളതും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്നാണ് വാഹനവ്യവസായ മേഖലയുടെ ആരോപണം. വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് സെന്ററുകളുടെ അഭാവമാണ് പ്രധാനമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനു പരിഹാരമായാണ് പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ വരുന്നതോടെ വൈദ്യുതിവാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

വ്യവസായികളുടെ എതിര്‍പ്പ് മയപ്പെടുത്തുന്നതിന് തുടക്കത്തില്‍ മെട്രോ നഗരങ്ങളിലായിരിക്കും വൈദ്യുതി ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കുക. രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറുപതിനായിരത്തോളം പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയുംതന്നെ പെട്രോള്‍ പമ്പുകള്‍കൂടി അനുവദിക്കാന്‍ ആലോചനയുമുണ്ട്. കൂടാതെ സ്വകാര്യ കമ്പനികളുടെ പമ്പുകളുമുണ്ട്. ഈ പമ്പുകളില്‍ ചാര്‍ജിങ് സെന്ററുകള്‍ വരുന്നതോടെ ഇതു സംബന്ധിച്ച പരാതി തീരുമെന്നാണ് പ്രതീക്ഷ. 

Content Highlighs; Electric Charging Stations, E Charging Stations