'അടുത്തുള്ള കേരള പമ്പിനേക്കാളും ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ചുരൂപയും വിലക്കുറവുണ്ട്' -ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാനപാതയിലുടെ പോകുന്നവര്‍ക്ക് റോഡരികില്‍ ഈ ബോര്‍ഡ് കാണാം, തൊട്ടടുത്ത് പെട്രോള്‍ പമ്പും. ഇത് ഗാളിമുഖം; ഒരേസമയം കേരളത്തിന്റേയും കര്‍ണാടകയുടേയും സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഭാഗ്യംകിട്ടിയ നാട്. കാസര്‍കോടിന്റെ മാഹി എന്ന് അറിയപ്പെടാവുന്ന സ്ഥലം. 

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി ഇനത്തിലുണ്ടായ വ്യത്യാസംനിമിത്തം മലയോരത്തെ വാഹനങ്ങള്‍ അധികവും ഗാളിമുഖത്തെ പെട്രോള്‍പമ്പുകളെയാണ് ആശ്രയിക്കുന്നത്. കാസര്‍കോട്ടുകാര്‍ കാളിയംകോട് എന്നും പറയും. പക്ഷേ, ഈ സ്ഥലനാമം അത്ര പ്രസിദ്ധമല്ല. ഗാളിമുഖം ഒരു ചെറിയ ടൗണാണ്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിന്റേയും ദേലംപാടി പഞ്ചായത്തിലെ കൊട്ട്യടിയുടേയും ഇടയ്ക്കുള്ള സ്ഥലമാണിത്. മൂന്നുഭാഗവും കേരള പ്രദേശമാണ്. 

ഗാളിമുഖം കടന്നുവേണം ദേലംപാടി പഞ്ചായത്തിലെത്താന്‍. തൊട്ടടുത്തുള്ള മുള്ളേരിയയിലേയും അഡൂരിലേയും പെട്രോള്‍പമ്പില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഗാളിമുഖയിലേക്കുള്ളത്. അഡൂര്‍, ദേലംപാടി, പരപ്പ, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കര്‍ണാടകയിലെ ഗാളിമുഖം കടന്നുവേണം പോകാന്‍. കുണ്ടാറില്‍നിന്ന് കൊട്ട്യാടിവരെ രണ്ടര കിലോമീറ്റര്‍ കേരള സംസ്ഥാന പാത കര്‍ണാടകയിലൂടെയാണ് കടന്നുപോകുന്നത്. 

നിത്യോപയോഗസാധനങ്ങളുടെ വിലയിലും വ്യത്യാസമുണ്ട്. കെട്ടിടനിര്‍മാണവസ്തുക്കള്‍ക്കാണ് ഏറ്റവും വില്‍പ്പന. നാലിലധികം വന്‍കിട കെട്ടിടനിര്‍മാണ വസ്തുക്കളുടെ വില്പനകേന്ദ്രം ഇവിയെുണ്ട്. സിമിന്റ് ഉത്പന്നങ്ങളാണ് കൂടുതല്‍. കേരളത്തിലേക്കാണ് കൂടുതല്‍ വിതരണം. മുന്‍പ് കേരളത്തില്‍നിന്നുള്ള പല ടൂറിസ്റ്റ് ബസുകളും ഗാളിമുഖം വരെ വന്ന് യാത്രക്കാരെ കര്‍ണാടക ടൂറിസ്റ്റ് ബസുകളില്‍ കയറ്റിവിടും. നികുതി ഒഴിവാക്കാന്‍ കണ്ടത്തുന്ന വഴിയാണിത്.

  • പെട്രോള്‍: ഗാളിമുഖ 100.44 കാസര്‍കോട് 105.34
  • ഡീസല്‍: ഗാളിമുഖ 84.87 കാസര്‍കോട് 92.54.

Content Highlights: Petrol-Diesel Price State Boundaries Petrol Pumps, Advertise On Fuel Price